കൊച്ചി: ഏഴു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോകേസ് വ്യാജമാണെന്ന പ്രതിയുടെ വാദത്തെത്തുടർന്ന് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി എറണാകുളം ചേരാനെല്ലൂർ പൊലീസിന് നിർദ്ദേശം നൽകി. പീഡനത്തിനിരയായ കുട്ടിയുടെ പിതാവാണ് വ്യാജകേസിന് പിന്നിലെന്നും ഇതിന് തെളിവായി ടെലിഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പ്രതി ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്നാണ് പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് പി. ഗോപിനാഥ് നിർദ്ദേശിച്ചത്. ഹർജി ഏപ്രിൽ ഏഴിനു വീണ്ടും പരിഗണിക്കും.

തനിക്കൊപ്പം താമസിക്കുന്ന യുവതിയുടെ കുട്ടിയെ ഹർജിക്കാരൻ പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. ഏഴുവയസുകാരന്റെ മാതാപിതാക്കൾ വിവാഹമോചനത്തിന് സംയുക്ത അപേക്ഷ നൽകിയിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണച്ചുമതല കിട്ടാൻ ഇവർ തമ്മിൽ തർക്കമുണ്ടെന്നും ഇതിൽ അനുകൂലവിധി കിട്ടാനാണ് തനിക്കെതിരെ വ്യാജക്കേസ് നൽകിയതെന്നും ഹർജിക്കാരൻ ആരോപിച്ചു. കുട്ടിയെ വിട്ടുതരില്ലെന്നും ഭാര്യയെയും ഹർജിക്കാരനെയും പോക്സോ കേസിൽ കുടുക്കുമെന്നും ഭർത്താവ് മൊബൈലിൽവിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യ റെക്കോഡ് ചെയ്തു സൂക്ഷിച്ച ഈ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് കൈമാറാനും ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചത്.