കൊച്ചി: കനത്ത ചൂടിനും വരൾച്ചയ്ക്കും ആശ്വാസമേകിയെത്തിയ വേനൽമഴയുടെ കൂടെ ജനങ്ങൾക്ക് തലവേദനയായി ആഫ്രിക്കൻ ഒച്ചുകളും തിരിച്ചെത്തി. കഴിഞ്ഞ മഴക്കാലത്തും ഇടമഴയത്തും ആഫ്രിക്കൻ ഒച്ചുകളുടെ ഉപദ്രവം സഹിക്കാനാകാതെ നാട് പൊറുതിമുട്ടിയിരുന്നു. പതിനായിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും മാസങ്ങൾക്ക് മുൻപ് പെരുകിയത്. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഭീമൻ ഒച്ചിനെ തുരത്താനായിരുന്നില്ല. എന്നാൽ, വേനൽ ആരംഭിച്ചതോടെ ഒച്ചുകളുടെ ശല്യം പാടെ മാറിയിരുന്നു.

അതിന്റെ ആശ്വാസത്തിലിരുന്നവർ കഴിഞ്ഞയാഴ്ച അവസാനം പെയ്ത മഴയ്ക്ക് ശേഷം ഞെട്ടി. നൂറു കണക്കിന് ഒച്ചുകൾ വീണ്ടുമെത്തി. മുൻപ് കണ്ടതിനേക്കാൾ ഭീമന്മാരായ ഒച്ചുകൾ. പാലാരിവട്ടം, മഹാരാജാസ് സ്റ്റേഡിയം, തമ്മനം, പൊന്നുരുന്നി, കളമശേരി, ആലുവ പ്രദേശങ്ങളിലാണ് ഒച്ചിന്റെ ശല്യം വീണ്ടും കണ്ടത്. മാരകമായ മെനിഞ്ചൈറ്റിസ് രോഗം പടരാൻ വരെ ഇവ കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാവിലെയും വൈകിട്ടും ഓച്ചിനെ തുരത്താനുള്ള ശ്രമം ജനങ്ങൾ വീണ്ടും ആരംഭിച്ചു.

ശ്രദ്ധിക്കാൻ...

രോഗങ്ങൾ പരത്താൻ ശേഷിയുള്ള ഇവയെ നശിപ്പിക്കാൻ കൈയ്യുറകൾ ഇട്ടശേഷമേ ഇറങ്ങാവൂ

ശ്രവം ശരീരത്തിലേൽക്കരുത്

കുട്ടികൾ ഒച്ചുകളുടെ അടുത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണം.


ഒച്ചിനെ നശിപ്പിക്കാൻ

ഉപ്പ്, ബ്ലിച്ചിഗ് പൗഡർ എന്നിവ വിതറുക

പഴത്തൊലി, പപ്പായ, ഇല എന്നിവയിൽ മൈദ പുരട്ടിവെച്ചാൽ ഇവ ആകർഷിക്കപ്പെടും. പിന്നീട് പുകയില കഷായം തളിച്ച് കൊല്ലാനാകും.

പുകയില കഷായവും പ്രയോഗിക്കാം.

ഇനിയുള്ള ദിവസങ്ങളിൽ ഇതിന്റെ എണ്ണം പെരുകും. എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണ്.

അനസ്
പൊന്നുരുന്നി