
മൂവാറ്റുപുഴ: നിർമ്മല കോളേജിലെ ഫിസിക്‌സ് വിഭാഗം നാനോ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഫേസ് മാസ്കിന് പേറ്റന്റ് ലഭിച്ചു. ഫിസിക്‌സ് വിഭാഗം അദ്ധ്യാപകനായ ഡോ. തോമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന് ശേഷിയുള്ള മാസ്‌ക് വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലായിരുന്നു. മൂന്നു പാളികൾ ഉൾക്കൊള്ളുന്ന 99.9 ശതമാനം ശേഷിയുള്ള മാസ്ക് വികസിപ്പിച്ചത്.
നടുക്കുള്ള പാളിയിൽ ബാക്ടീരിയകളെയും വൈറസുകളെയും അരിച്ച് നശിപ്പിക്കുന്നതിന് ശേഷിയുള്ള നാനോ പദാർത്ഥങ്ങളുടെ ആവരണം മാസ്കിന്റെ പ്രത്യേകതയാണ്. ആരോഗ്യ പ്രവർത്തകർക്ക് സർജിക്കൽ മാസ്കായി ഉപയോഗിക്കാൻ കൂടുതൽ അനുയോജ്യമാണ് പുതിയ നാനോ മാസ്ക്.
എൻ 95 മാസ്കിന്റെ നാലിലൊന്ന ഭാരക്കുറവാണ് ഇതിന്റെ മറ്റൊരു സവിശേഷത. നിർമ്മലയിലെ നാനോ ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ 110 ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേറ്റന്റിനായി 2021 ജൂൺ മാസം സമർപ്പിക്കുകയും മാർച്ച് 2022-ന് പേറ്റന്റ് ലഭിക്കുകയും ചെയ്തു. ഡോ. പ്രിയങ്ക കെ. പി, ഡോ. ഹിത എച്ച്, അഞ്ജലി ജോസ്, മാത്യു ജോൺ, ഡോ. ടി.എച്ച്. സുകൃത എന്നിവരടങ്ങിയ ഗവേഷകരാണ് പേറ്റന്റ് നേടിയത്. ഗവേഷകൻ ഡോ. തോമസ് വർഗ്ഗീസിനെ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് അനുമോദച്ചു.