നെടുമ്പാശേരി: അത്താണി ശ്രീ വീരഹനുമാൻ കോവിൽ ശ്രീരാമ താരക മഹായാഗം ഇന്ന് മുതൽ ഏപ്രിൽ 10 വരെ നടക്കുമെന്ന് ചെയർമാൻ ഗോപൻ ചെങ്ങമനാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലടി ശ്യംഗേരി മഠം വേദപാഠശാല അദ്ധ്യക്ഷൻ നരേന്ദ്രഭട്ട് ശാസ്ത്രികൾ യാഗത്തിന് മുഖ്യകാർമ്മികത്വം വഹിക്കും.
തിരുവുത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ദിവസവും പുലർച്ചെ ആറ് മുതൽ രാത്രി എട്ട് വരെ പ്രത്യേക പൂജകൾ നടക്കും. ഏപ്രിൽ 11ന് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇക്കുറി ശ്രീരാമ നവമി പുരസ്കാരം ഒഴിവാക്കിയതായും ഭാരവാഹികൾ അറിയിച്ചു. മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിന് തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിക്കും. ക്ഷേത്ര കമ്മിറ്റി അഡ്മിനിസ്ട്രേറ്റർ മഹേഷ് മോഹൻ, ട്രസ്റ്റി കെ.കെ. സുധീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.