ഫോർട്ടുകൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി യാത്രാക്ലേശം നാൾക്കുനാൾ രൂക്ഷമാകുന്നു. പരീക്ഷാക്കാലമായതിനാൽ വിദ്യാർത്ഥികൾക്കാണ് ഏറെദുരിതം. അതേസമയം, പരിഹാരം കാണാൻ ശ്രമിക്കാത്ത കൊച്ചി നഗരസഭ, കിൻകോ, ജില്ലാ ഭരണകൂടം, സർക്കാർ ഏജൻസികൾ, ജനപ്രതിനിധികൾ എന്നിവർക്കെതിരെ ജനരോഷം രൂക്ഷമാകുകയാണ്.

രണ്ടു മാസമായി അഴിമുഖ യാത്രാക്കടത്തിന് ഒരു റോ-റോ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കടത്ത് ബോട്ട് സർവ്വീസ് കൃത്യതയില്ലാതെയാണ് സർവ്വീസ് നടത്തുന്നതെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാക്കാലമായതിനാൽ ഫോർട്ടുകൊച്ചിയിലേയ്ക്ക് പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥികൾ വെയിലേറ്റുള്ള യാത്രയിൽ വലയുകയാണ്.

പരീക്ഷാക്കാലം, ഉത്സവവേളകൾ, വൃതദിനങ്ങൾ ,ഒഴിവുകാലം തുടങ്ങി ജനങ്ങൾ ഏറെ യാത്രചെയ്യുന്ന ഘട്ടത്തിൽ നഗരസഭ - കിൻകോ - ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തമായുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്ന സമീപനത്തിൽ രോഷത്തിലാണ് ജനങ്ങൾ. യുദ്ധകാലാടിസ്ഥാനത്തിൽ റോ- റോ അറ്റകുറ്റപ്പണി പൂർത്തിയാക്കി അഴിമുഖ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് യാത്രക്കാരും ജനങ്ങളും സാമൂഹ്യസംഘടനകളും ആവശ്യപ്പെടുന്നത്.