karumalur-streetlight

ആലങ്ങാട്: മോഷ്ടാക്കളുടെയും ലഹരിമാഫിയുടെയും ശല്യം രൂക്ഷമായ കരുമാല്ലൂർ പഞ്ചായത്തിൽ തെരുവ് വിളക്കുകളുടെ പരിപാലനം അവതാളത്തിലെന്ന് പരാതി. പഞ്ചായത്തിലെ പലയിടങ്ങളിലും തെരുവ് വിളക്കുകൾ തകരാറിലാണ്. കഴിഞ്ഞ മൂന്ന് മാസക്കാലമായി അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. വാർഡ് അംഗങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ അലംഭാവം തുടരുകയാണ്. അറ്റകുറ്റപ്പണി നടത്തിയ സ്ഥലങ്ങളിൽ നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചതുമൂലം വീണ്ടും തകരാറാകുകയാണെന്നാണ് ആക്ഷേപം. പണി കൃത്യമായി ചെയ്യാത്തതിന്റെ പേരിൽ പല പഞ്ചായത്തുകളും നിരാകരിച്ച കരാറുകാരനെ നിയമപരമായി ഒഴിവാക്കി യോഗ്യതയും കഴിവുമുള്ളവരെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. സമരം യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.എം. അലി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ
കെ.എം. ലൈജു, ടി.എ. മുജീബ്, പോൾസൺ ഗോപുരത്തിങ്കൽ, ഇ.എം. അബ്ദുൽ സലാം, സൂസൻ വർഗീസ്, നാദിറ ബീരാൻ എന്നിവർ പങ്കെടുത്തു.