മൂവാറ്റുപുഴ: ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. അന്തരിച്ച വിഖ്യാതകവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി എം.ആർ. രാജൻ സംവിധാനം ചെയ്ത തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ എന്ന ഡോക്യുമെന്ററി മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. വിവിധ പാക്കേജുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മേളയോടനുബന്ധിച്ച് ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ തിയറ്ററിൽ ഉണ്ടാകും.സമാപന ദിവസമായ 7ന് വൈകിട്ട് ചേരുന്ന സമാപന സമ്മേളനത്തിൽ പുരസ്കാരപ്രഖ്യാപനവും വിതരണവും നടക്കും.
കാലമെഴുതും നാട്ടുചുവടുകൾ: രാമചന്ദ്രൻ (കേളി) ക്യുറേറ്റ് ചെയ്ത പാക്കേജിൽ നമ്മുടെ ഉപഭൂഖണ്ഡത്തിലെ കലയെയും രാഷ്ട്രീയത്തെയും തനതായ ഇടപെടലുകളിയൂടെ നിർവചിച്ച കലാകാന്മാരുടെ ജീവിതവും കലാപ്രയോഗങ്ങളെയും ആസ്പദമാക്കിയുള്ള 12 ചിത്രങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്.
നഗരി : വിവിധങ്ങളായ ഇന്ത്യൻ നഗരങ്ങൾ പശ്ചാത്തലമാക്കി നഗരങ്ങളുടെ പ്രശ്നങ്ങളും അവയോടുള്ള സമീപനവും പരിശോധിക്കുന്ന 19ചിത്രങ്ങളുടെ പാക്കേജ്.
മെനി ലെഗസീസ് ഒഫ് ഫിലിംസ് ഡിവിഷൻ: ഫിലിംസ് ഡിവിഷൻ അടക്കം ചലച്ചിത്ര നിർമാണ-സംരക്ഷണ മേഖലകളിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫിലിംസ് ഡിവിഷന്‍ നിർമ്മിച്ച വിവിധ ജനുസുകളിലും ശൈലികളിലുള്ളതും വിഖ്യാത സംവിധായകർ സംവിധാനം ചെയ്ത 9 ചിത്രങ്ങൾ ഈ പാക്കേജിൽ പ്രദർശിപ്പിക്കും.
ആദരാജ്ഞലി (ഹോമേജ്): അന്തരിച്ച വിഖ്യാത സംവിധായകൻ ബുദ്ധ ദേബ് ദാസ് ഗുപ്തയെ പറ്റി സുപ്രിയ സൂരി സംവിധാനം ചെയ്ത മാസ്ട്രോ, എ പോർട്രയ്റ്റ് എന്ന ചിത്രം പ്രദർശിപ്പിക്കും.
ജൂറി ഫിലിംസ് : സൈൻസ് മേളയിലെ ജൂറി അംഗങ്ങളായ ലളിത് വചാനി, സുനന്ദാ ഭട്ട്, മണിലാൽ എന്നിവർ സംവിധാനം ചെയ്ത 4ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
സൈൻസ് പ്രഭാഷണ പരമ്പര : കലയും പുതുമയും എന്നതാണ് ഈ വർഷത്തെ സൈൻസ് മേളയുടെ പ്രമേയം. ഈ പ്രമേയത്തെ മുൻനിർത്തി ഡോ. സുനിൽ പി ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, പി എന്‍ ഗോപീകൃഷ്ണൻ, അജു കെ നാരായണൻ, രാമചന്ദ്രൻ (കേളി) തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ 3 മുതൽ 6 വരെയുള്ള തീയതികളിൽ വൈകിട്ട് 5.30 ന് ലതതിയറ്ററിൽ നടത്തപ്പെടും.