കൊച്ചി: ആലുവ എടയാറിലെ പ്രവർത്തനരഹി​തമായ ഓയിൽ കമ്പനിയിൽനിന്ന് 8,500 ലിറ്റർ സ്പി​രിറ്റ് പിടികൂടിയ കേസ് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്തർസംസ്ഥാനബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്വേഷണകൈമാറ്റ തീരുമാനം വേഗത്തിലായത്. എക്സൈസ് മദ്ധ്യമേഖലാ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു സ്പരിറ്റ് വേട്ട. അന്വേഷണം എക്സൈസ് എൻഫോഴ്സ്‌മെന്റ് ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തിൽത്തന്നെ കേസിന്റെ വ്യാപ്തി വ്യക്തമായതോടെ തുടരന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണ‌ർ തീരുമാനിക്കുകയായിരുന്നു.

മുഖ്യപ്രതി കലൂർ അശോകറോഡ് നടുവിലമുള്ളത്ത് എൻ.വി. കുര്യൻ (65), ഇയാളുടെ ഏജന്റുമാരായ തൃപ്പൂണിത്തുറ പുതിയകാവിൽ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക്കകത്ത് ബൈജു (50), ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരെ കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തയ്യാറെടുപ്പുകൾ തുടങ്ങി. പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങും. ഇന്നലെയാണ് മൂവരെയും റിമാൻഡ് ചെയ്തത്. കേസ് ഫയൽ ലഭിച്ചാലുടൻ കസ്റ്റഡി അപേക്ഷ നൽകും.

 വരവും പോക്കും കണ്ടെത്തും

കേരളത്തിന് പുറത്തുനിന്ന് എത്തിക്കുന്ന സ്പി​രിറ്റ് എടയാറിലെ ഓയിൽകമ്പനിയിലെ ഭൂഗ‌ർഭ അറയിൽ സൂക്ഷിക്കും. തുടർന്ന് മറ്റ് ജില്ലകളിലേക്കും ഇവ‌ർ എത്തിച്ച് നൽകിയിരുന്നു. ഇങ്ങനെ ഇടുക്കിയിലേക്ക്

ചരക്ക് വാഹനത്തിൽ സ്പി​രിറ്റ് കടത്തുന്നതിനിടെ കളമശേരിൽവച്ച് രണ്ടുപേ‌ർ പിടിയിലായതോടെയാണ് അന്വേഷണം കുര്യന്റെ ഓയിൽ കമ്പനിയിലെത്തി നിന്നത്. ഭൂഗർഭഅറയിൽനിന്ന് 203 കന്നാസ് സ്പിരിറ്റ് കണ്ടെത്തി. 35 ലിറ്റ‌ർ കന്നാസുകളി​ലാണ് ശേഖരം. ഏതാനും വ‌ർഷമായി സ്പിരിറ്റ് ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുട‌ർന്ന് സ്പി​രിറ്റൊഴിക്കിന്റെ വഴി കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം.

 അറി​യണം പണമിടപാട്

മുന്തിയ ഇനം വിദേശമദ്യമെന്ന പേരിലാണ് കുര്യനും സംഘവും മദ്യം വിറ്റിരുന്നത്. ചെറുതും വലുതുമായ വിവാഹ, പിറന്നാൾ പാ‌ർട്ടികൾക്കും ഇവ‌ർ മദ്യം വിതരണംചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊ‌ർ‌ജിതമാക്കി. അറസ്റ്റിലായ മൂന്ന് പ്രതികളുടെ മൊബൈൽഫോണുകളും പിടിച്ചെടുത്തു. ഇവരുടെ സാമ്പത്തികവിവരങ്ങളും ശേഖരിക്കും.