
കൊച്ചി: കെ- റെയിൽ പദ്ധതി വൻതട്ടിപ്പാണെന്ന് സുരേഷ് ഗോപി എം.പി. പി.ആർ. ശിവശങ്കരൻ രചിച്ച് കുരുക്ഷേത്ര ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'എന്താണ് കെ റെയിൽ എന്തിനാണ് കെ റെയിൽ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ആറന്മുള സമരത്തിൽ പങ്കെടുത്ത് കൃഷിയിടങ്ങൾ നികത്തരുതെന്നു പറഞ്ഞ നേതാക്കളും പാർട്ടിയുമാണ് ഇപ്പോൾ കേരളം മുഴുവൻ കൃഷിയിടങ്ങൾ മൂടുന്നത്. അങ്ങനെയെങ്കിൽ ആറന്മുളയിൽ നടന്നത് വികസന വിരുദ്ധ സമരമാണോ എന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുസ്തകത്തിന്റെ ആദ്യകോപ്പി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. യോഗത്തിൽ കുരുക്ഷേത്ര പ്രകാശൻ എം.ഡി പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കുരുക്ഷേത്ര ചീഫ് എഡിറ്റർ ക.ഭ.സുരേന്ദ്രൻ, പി.ആർ. ശിവശങ്കർ, എം.എൻ. ഗോപി, കെ.എസ്. രാജേഷ്, ബാബു കാര്യാട്, അമൽ വി നായർ തുടങ്ങിയവർ സംസാരിച്ചു.