df

കൊച്ചി: പ്രാദേശിക ചലച്ചിത്രമേളയുടെ രണ്ടാംദിനമായ ഇന്ന്, തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം നേടിയ ആവാസവ്യൂഹം ഉൾപ്പെടെ ഏഴ് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൊച്ചി പുതുവൈപ്പ് ദ്വീപിലെ പാരിസ്ഥിതിക അസ്വാസ്ഥ്യങ്ങൾ ജോയ് എന്ന വ്യക്തിയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനമാണ് കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹത്തിന്റെ പ്രമേയം. ജി. അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയുടെ നവീകരിക്കപ്പെട്ട 4കെ പതിപ്പും രണ്ടാം ദിനം പ്രദർശിപ്പിക്കും.
കാശ്മീരിലെ രാഷ്ട്രീയ സാമൂഹ്യപ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന പ്രഭാഷ് ചന്ദ്രയുടെ ഐ ആം നോട്ട് ദി റിവർ ഝലം, ജയരാജ് ചിത്രം നിറയെ തത്തകളുള്ള മരം, പ്രസൻ ചാറ്റർജിയുടെ ടു ഫ്രണ്ട്സ്, സംവിധായകൻ കെ.എസ്. സേതുമാധവന് ആദരവായി ഹോമേജ് വിഭാഗത്തിൽ മറുപക്കം, ബാഗ് ദി ടൈഗർ എന്നിവയാണ് രണ്ടാം ദിനത്തിലെ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

എ ഹീറോ ഉൾപ്പെടെ ആറ് ലോക സിനിമകളും

കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്ഗാർ ഫർഹാദി ചിത്രം എ ഹീറോ ഉൾപ്പെടെ ആറ് ചിത്രങ്ങൾ കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ബാബ്‌റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് രാജ്യത്തരങ്ങേറിയ അരക്ഷിതാവസ്ഥ പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തിലെ രണ്ട് കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ പറയുന്ന പ്രസൂൺ ചാറ്റർജി ചിത്രം ടു ഫ്രണ്ടസ്, 2021 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച പാബ്ലോ ലാറിൻ ചിത്രം സ്പെൻസർ ഏന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്.

ജപ്പാൻ ചിത്രമായ വീൽ ഒഫ് ഫോർച്ച്യൂൺ ആൻഡ് ഫാന്റസി, നാദവ് ലാപിഡ് ചിത്രം എഹെഡ്സ് നീ , ഇൻഡോനേഷ്യൻ ചിത്രം വെഞ്ചൻസ് ഈസ് മൈൻ ഓൾ അദേഴ്‌സ് പേ ക്യാഷ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.