suni

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ നടൻ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാ‌ർ ക്രൈംബ്രാഞ്ച് ഇന്നലെ ആലുവയിലെ പത്മസരോവരം വീട്ടിൽനി​ന്ന് കസ്റ്റഡി​യി​ലെടുത്തു. 2016 ഡിസംബർ 26ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽനിന്ന് മടങ്ങിയത് ഈ കാറിലായിരുന്നു എന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണിത്. ഓടിക്കാൻ കഴിയാത്ത നിലയിലായതി​നാൽ ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് കാർ ദി​ലീപി​നുതന്നെ വിട്ടുകൊടുത്തു.

ആലുവ ആർ.ടി ഓഫീസിൽ രജിസ്റ്റർചെയ്ത കാർ ദിലീപിന്റെ വീട്ടിലുണ്ടെന്ന് കഴിഞ്ഞ ദി​വസമാണ് ക്രൈംബ്രാഞ്ചിന് വി​വരം ലഭിച്ചത്. സുനിയെ ബസ് സ്റ്റോപ്പിലിറക്കാൻ ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് സഹോദരൻ അനൂപ് ഈ കാറിലാണ് കൊണ്ടുപോയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. വീട്ടിൽവച്ച് സുനിയ്ക്ക് ദിലീപ് പണവും കൈമാറി. ആ സമയം അവിടെയുണ്ടായിരുന്ന താൻ അവർക്കൊപ്പം കാറിൽ കയറിയിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

പൾസ‌ർ സുനി ജയിലിൽ വച്ച് ദി​ലീപി​ന് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ഇയാളുടെ കൈയക്ഷരത്തിന്റെ സാമ്പിളും ശേഖരിച്ചു. സുനിയുടെ സഹതടവുകാരനായിരുന്ന കുന്നംകുളം സ്വദേശിയുടെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ കത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

സുനിയുടെ മാതാവ് ശോഭന മൂന്നുമാസംമുമ്പ് കത്തിന്റെ പക‌ർപ്പ് പുറത്തുവിട്ടിരുന്നു. തുടർന്നുള്ള അന്വേഷണമാണ് സഹതടവുകാരനിലേക്ക് എത്തിയത്.

2018 മേയ് 7ന് സുനി എഴുതി​യ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. അഭിഭാഷകരെയും സാക്ഷികളെയും വിലയ്ക്കെടുത്താലും സത്യം മൂടിവയ്ക്കാൻ ആകില്ലെന്നതുൾപ്പെടെ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. എല്ലാം കോടതിയിൽ തുറന്നുപറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷവാങ്ങി അനുഭവിച്ചു തീർക്കാമെന്നും കത്തിലുണ്ട്.