പത്തനംതിട്ട: കലാകേളിയുടെ ഉത്സവാഘോഷത്തിന് തുടക്കംകുറിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് ചലച്ചിത്രതാരങ്ങളായ നവ്യാനായരും ഉണ്ണി മുകുന്ദനും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്ന് തിരിതെളിച്ചു. കലയാണ് തന്റെ രാഷ്ട്രീയമെന്നും കലയുടെ ഒറ്റ ആകാശത്തിൻ കീഴിലല്ലാതെ നമ്മളെ ഒരുമിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ലെന്നും നവ്യാനായർ പറഞ്ഞു. നിരവധി നഷ്ടങ്ങൾ തന്ന വർഷങ്ങളിൽ നിന്നുള്ള ഉണർവാണ് ഈ കലോത്സവമെന്ന് സ്റ്റീഫൻ ദേവസി പറഞ്ഞു. സ്വപ്നങ്ങളിലേക്ക് നടക്കാനും അവ സഫലമാകാൻ പ്രയത്നിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു. മന്ത്രി വീണാജോർജ് അദ്ധ്യക്ഷയായി. പ്രോ. വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് തുടക്കം.