കൊച്ചി: സീറോമലബാർസഭ പരിഷ്‌കരിച്ച കുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിൽ ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ കർശനനിർദ്ദേശം. എറണാകുളം അതിരൂപത മാത്രം പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കാത്തത് ഖേദകരമാണെന്ന് മാർപ്പാപ്പ അറിയിച്ചു. മേജർ ആർച്ച് ബിഷപ്പിനും അതിരൂപത ബിഷപ്പിനും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കും നൽകിയ സർക്കുലറിലാണ് മാർപ്പാപ്പയുടെ നിർദ്ദേശം.
സിനഡ് തീരുമാനപ്രകാരം 2021 നവംബറിൽ 34 രൂപതകൾ നടപ്പാക്കാൻ തീരുമാനിച്ച പരിഷ്‌കരിച്ച കുർബാന എറണാകുളം അതിരൂപതയിൽ മാത്രമാണ് മാറ്റിവച്ചത്. സഭയിലെ മറ്റു രൂപതകളിൽനിന്ന് ഒറ്റപ്പെട്ട് പ്രത്യേക ആരാധനാക്രമം തുടരാൻ തീരുമാനിച്ചത് ഖേദകരമാണ്. മേജർ ആർച്ച് ബിഷപ്പിന്റെയും അതിരൂപത ബിഷപ്പിന്റെയും അനുമതിയോടെ അനുവദിക്കുന്ന ഇളവിന് കാലാവധിയുണ്ട്. നിശ്ചിതസമയത്തിലേറെ ഇളവ് നൽകാൻ സഭാനിയമം അനുവദിക്കുന്നില്ല.
സിനഡ് നിശ്ചയിച്ചപ്രകാരം ഈസ്റ്ററിനുമുമ്പ് പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കണം. വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ചുവടുവയ്ക്കാൻ താൻ ആവശ്യപ്പെടുകയാണ്. വിശ്വാസികളുടെ വിശ്വസ്തതയും അനുസരണവും ഓർമ്മിപ്പിച്ചാണ് മാർപ്പാപ്പ സർക്കുലർ നൽകിയിരിക്കുന്നത്.