ഫോർട്ടുകൊച്ചി: സിൽവർ ലൈനിനെതിരെ യൂത്ത് കോൺഗ്രസ് കൊച്ചി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ-റെയിൽ അതിരടയാള കല്ലിന്റെ മാതൃകയുമായി നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ അഷ്ക്കർ ബാബു,ബെയ്സിൽ ഡിക്കോത്ത എന്നിവർക്ക് പരിക്കേറ്റു. താലൂക്ക് ഓഫിസിന് മുന്നിൽ പൊലീസ് സമരക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രവർത്തകർ താലൂക്ക് ഓഫിസിന്റെ മതിൽ ചാടി കടന്ന് ഓഫീസിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഓഫിസിനകത്ത് കയറിയ യൂത്ത് കോൺഗ്രസ് പനയപിള്ളി മണ്ഡലം പ്രസിഡന്റ് അഷ്ക്കർ ബാബുവിനെ പൊലിസ് പിടികൂടി പുറത്തേക്ക് എത്തിച്ചെങ്കിലും പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പൊലിസ് ലാത്തി വീശുകയായിരുന്നു.

അഷ്ക്കർ ബാബുവിന് തലയ്ക്കും ബെയ്സിൽ ഡിക്കോത്തക്ക് പുറത്തുമാണ് പരിക്കേറ്റത്. പിന്നീട് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയും പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു. പ്രതിഷേധ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ രജീഷ്, ആർ.ബഷീർ,റോജൻ റോയി, ജിനു.കെ വിൻസെന്റ്, ജോവിൻ ജോസ്,ശുഹൈബ് മനു മോഹൻ തുടങ്ങിയവർ സംസാരിച്ചു.