കൊച്ചി: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ശല്യംചെയ്യുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. കോട്ടയം കുറവിലങ്ങാട് കുളക്കൂർ ചെറുകുന്നത്ത് വീട്ടിൽ ഇമ്മാനുവൽ കുര്യനാണ് (31) പിടിയിലായത്. മൂവാറ്റുപുയിലെ സ്വകാര്യ സ്ഥാപനത്തിലെ സർവീസ് എൻജിനീയറാണ്. എറണാകുളം പനമ്പള്ളി നഗറിലുൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാനിറങ്ങുന്ന സ്ത്രീകളെയാണ് ഇയാൾ ശല്യപ്പെടുത്തിയിരുന്നത്. ഇയാൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുവച്ചാണ് കറങ്ങിനടന്നിരുന്നത്. നിരവധി പരാതികളെത്തിയതോടെ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഷാഡോ പൊലീസിനെ പനമ്പള്ളിനഗറിലും പരിസരപ്രദേശങ്ങളിലും മഫ്തിയിൽ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞദിവസവും പതിവ് രീതികളുമായെത്തിയ ഇമ്മാനുവലിനെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.