തൃക്കാക്കര: 2021-22 വാർഷിക പദ്ധതി നിർവഹണത്തിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും എത്തി. 3.16 കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന് വാർഷിക വിഹിതമായി ഈ വർഷം അനുവദിച്ചത്. മുൻ വർഷത്തിൽ ബാക്കി വന്ന തുക ഉൾപ്പെടെ 3.42 കോടി രൂപയുടെ വിവിധ വികസന ക്ഷേമ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയത്. സ്വയം തൊഴിൽ സംരംഭങ്ങൾക്കും കാർഷിക ക്ഷീരകർഷക മേഖലയിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും നിരവധി നൂതന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയതായി പ്രസിഡന്റ് ട്രീസ മാനുവൽ, സെക്രട്ടറി ഗൗതമൻ ടി. സത്യപാൽ എന്നിവർ അറിയിച്ചു.