കൊച്ചി: നഗരത്തിൽ വഴിയോരക്കച്ചവടം നടത്താൻ താത്കാലിക സർട്ടിഫിക്കറ്റ് ലഭിച്ച 1350 പേർക്കുകൂടി ലൈസൻസും തിരിച്ചറിയൽ കാർഡും നൽകാൻ ഹൈക്കോടതി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. കൊച്ചി നഗരത്തിലെ തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നുമുള്ള ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഈ ഉത്തരവു നൽകിയത്. നഗരസഭയുടെ ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയിൽ ഇന്നുവരെയുള്ള അപേക്ഷകളിൽ ഉചിതമായ പരിശോധന നടത്തി രണ്ടു മാസത്തിനകം നിയമപരമായ നടപടിയെടുക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ ഹർജികൾ പരിഗണിക്കുമ്പോൾ തെരുവു കച്ചവടക്കാരെ നിരീക്ഷിക്കാനുള്ള വിവിധ സമിതികൾ റിപ്പോർട്ട് നൽകിയിരുന്നു. എട്ടുപേർ വ്യാജ ലൈസൻസിന്റെ മറവിലാണ് വഴിയോരക്കച്ചവടം നടത്തുന്നതെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് ഹൈക്കോടതി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നഗരസഭാ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ എട്ടുപേർ അനധികൃത തെരുവു കച്ചവടക്കാരല്ലെന്നും ഇവർക്കു നൽകിയ സർട്ടിഫിക്കറ്റുകളിൽ അച്ചടിത്തെറ്റ് വന്നതും ഫോട്ടോ ഇല്ലാത്തതുമടക്കം ചില പോരായ്മകളുണ്ടെന്നും പറയുന്നു. തെറ്റു വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയെന്നും നഗരസഭ അറിയിച്ചു. ഇവർ എട്ടുപേരും തെരുവു കച്ചവടം നടത്താൻ അർഹതയുണ്ടെന്ന് നഗരസഭ കണ്ടെത്തിയ 2170 പേരിൽ ഉൾപ്പെട്ടവരാണെന്നും വ്യക്തമാക്കി.