i

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം ചെറുകിട സംരംഭങ്ങൾ ലക്ഷ്യമിട്ട് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി വേഗത്തിലാക്കി സർക്കാർ. 12,500 സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചു കഴിഞ്ഞു. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം 2022 എന്നാണ് പദ്ധതിയുടെ പേര്.

ഇ.എസ്.എ, സി.ആ‌ർ.ഇസഡ് എന്നിവയിൽ ഉൾപ്പെടാത്ത പത്തേക്കറിൽ അധികം ഭൂമിയുമുള്ള സ്ഥാപനങ്ങൾക്ക് വ്യവസായപാ‌ർക്കിന് അനുമതിതേടാം. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് മൂന്നുകോടിരൂപ ധനസഹായം നൽകും. കെ.എസ്.ഐ.ഡി.സി, കിൻഫ്ര വ്യവസായപാർക്ക് എന്നിവയ്ക്ക് പുറമേ സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണ് വ്യവസായ വകുപ്പ്.

സ്വകാര്യ കമ്പനികൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, പാ‌ർട്ണ‌ർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോഷ്യങ്ങൾ എന്നിവയ്ക്ക് പാർക്കിന് അനുമതി നൽകും.

സ്വകാര്യപാ‌ർക്കിന് അനുമതി ലഭിച്ചാൽ റോഡ്, വൈദ്യുതി, ജലവിതരണം എന്നിവ ഉറപ്പാക്കാൻ സ‌ർക്കാ‌ർ ശ്രമിക്കും. അടിസ്ഥാന സൗകര്യമൊരുക്കാൻ ഏക്കറിന് 30 ലക്ഷം നിരക്കിൽ മൂന്നു കോടി രൂപ സർക്കാ‌ർ നൽകും.

 ഒരുമാസത്തിനകം തീരുമാനം

• പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം 2022വഴി അപേക്ഷിക്കാം

• വിവിധ വകുപ്പ് സെക്രട്ടറിമാ‌രുടെ കമ്മിറ്റിക്ക് റിപ്പോ‌ർട്ട് കൈമാറും

• ഭൂമി, വൈദ്യുതി, ജലം എന്നിവ പരിശോധിക്കും

• സാമ്പത്തികസ്ഥിതിയും കഴിവും പരിഗണിച്ച് കമ്മിറ്റി ശുപാ‌ർശ നൽകും

• ഒരു മാസത്തിനകം അപേക്ഷയിൽ തീരുമാനം കൈക്കൊള്ളും

• അനുമതി ലഭിച്ചാൽ 2 മാസത്തിനുള്ളിൽ ബിൽഡിംഗ് പെ‌‌ർമിറ്റിന് അപേക്ഷിക്കണം

• മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കണം

പദ്ധതിയിലൂടെ സംസ്ഥാന സമ്പദ്ഘടനയ്ക്ക് പുത്തൻ ഊർജം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

പി.രാജീവ്,

വ്യവസായമന്ത്രി