കോതമംഗലം :നേര്യമംഗലത്ത് കൊച്ചി - ധനുഷ്കോടി ദേശീയ പാതക്കരികിൽ ഭീക്ഷണിയായ മരങ്ങൾ മുറിച്ചു നീക്കൽ തുടങ്ങി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായുള്ള ഇതു വഴിയുള്ള യാത്രക്കാരുടെ ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. മഴക്കാലം അടുത്തെത്തിയതോടെ ദേശീയപാതയിലെ യാത്രക്കാർക്ക് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളാണ് വനം വകുപ്പ് തന്നെ വെട്ടിമാറ്റുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ വരുന്ന ഭാഗത്തേ മരങ്ങളാണ് ഇപ്പോൾ
റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ വെട്ടി നീക്കുന്നത്.
റോഡിന് ഇരുവശങ്ങളിലും ഏത് സമയത്തും റോഡിൽ വീഴാവുന്ന നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള നാൽപ്പതോളം മരങ്ങളാണ് രണ്ട് ദിവസം കൊണ്ട് മുറിച്ചുമാറ്റിയത്. പത്ത് വർഷം മുമ്പ് മൂന്നാൽ നിന്നും തിരികെ വരുന്ന വഴിയിൽ നേര്യമംഗലം വനമേഖലയിൽ വച്ച് മരം ഒടിഞ്ഞു വീണ് ബാഗ്ലൂർ സ്വദേശിയായ എൻജിനീയർ മരണപെട്ടിരുന്നു. ഇതേ തുടർന്നാണ് അപകടകരമായ
മരങ്ങൾ നീക്കംചെയ്യണമെന്ന ആവശ്യം ശക്ത്തമായത്. ഈ ആവശ്യവുമായി നാട്ടുകാർ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അന്നെല്ലാം വനം വകുപ്പ് ഇതിനെതിരേ മുഖം തിരിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് കളക്ടറുടെ നിർദേശപ്രകാരം വനംവകുപ്പ് അപകടകരമായി നിൽക്കുന്ന മരങ്ങളുടെ കണക്കെടുത്തിരുന്നു. 20 കിലോമീറ്റർ ദൂരത്തിൽ 100-ന് മുകളിൽ മരങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, വെട്ടിമാറ്റാൻ നടപടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് 40 മരങ്ങളെങ്കിലും വെട്ടിയത്.മഴക്കാലത്തെ വെളളത്തിൽ മണ്ണ് ഒലിച്ചുപോയി റോഡിലേക്ക് ചാഞ്ഞ് ഏതുസമയത്തും നിലം പൊത്താവുന്ന നിരവധി മരങ്ങൾ നേര്യമംഗലം വനമേഖലയിൽ ഉണ്ട്. ആറ് വർഷം മുമ്പ് ചീയപ്പാറ ദുരന്തം ഉണ്ടായപ്പോൾ സംഭവസ്ഥലം സന്ദർശിച്ച അന്നത്തെ മുഖ്യമന്ത്രി ഇത്തരം മരങ്ങൾ നീക്കാൻ നേരിട്ട് നിർദേശം നൽകിയതാണങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല.