വൈപ്പിൻ: സംഘടിത സ്ത്രീ തൊഴിലാളികൾക്ക് ജോലി സ്ഥിരതയും മറ്റ് അനവധി ആനുകൂല്യങ്ങളുണ്ടെങ്കിലും മേഖലയിലെ അനവധി സ്ത്രീ തൊഴിലാളികൾക്ക് ന്യായമായ കൂലി പോലും ഏറെ അകലെയാണ്. മറ്റ്ആനുകൂല്യങ്ങളും അന്യമാണ്. ജനസാന്ദ്രതയേറിയ വൈപ്പിൻ കരയിൽ ആയിരക്കണക്കിന് സ്ത്രീകളാണ് വിവിധ തൊഴിലിടങ്ങളിൽ ആശങ്കയോടെ പണിയെടുക്കുന്നത്. നാട്ടിലും സമീപ നഗരത്തിലുമാണ് ഇവരുടെ തൊഴിലിടങ്ങൾ.

കേരളത്തിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചെറായി ബീച്ച്, മുനമ്പം ബീച്ച് എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ നൂറ് കണക്കിന് സ്ത്രീ തൊഴിലാളികളുണ്ട്. പാചകം, ഭക്ഷണം വിളമ്പൽ, ക്ലീനിംഗ്, വാഷിംഗ് എന്നിവയിലാണ് സ്ത്രീ തൊഴിലാളികൾ അധ്വാനിക്കുന്നത്. ഇവർക്ക് ശമ്പളം ലഭിക്കുന്നത് മാസവസാനമാണെങ്കിലും ശമ്പളം കണക്കാക്കുന്നത് പണിയെടുത്ത ദിവസങ്ങളിലെ കൂലി കണക്കാക്കിയാണ്. മാസത്തിൽ ഒരു ദിവസം പോലും ശമ്പളത്തോടെയുള്ള അവധിയില്ലെന്ന് ചുരുക്കം.

പി.എഫ്, ഇ.എസ്.ഐ. ചികിത്സാ സഹായം, ബോണസ്, പ്രസവാനുകൂല്യം എന്നിവയൊന്നും ഇവർക്കില്ല. ജോലി സ്ഥിരതയും ഉറപ്പില്ല. തൊഴിലുടമകൾക്ക് എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാം. ഇങ്ങിനെ പിരിച്ചു വിടപ്പെടുന്ന ധാരാളം അനുഭവങ്ങൾ കൺമുന്നിലുള്ളതിനാൽ സംഘടിക്കാനോ അവകാശം ഉയർത്തിപ്പിടിക്കുവാനോ ഇവർക്കാകില്ല. പിരിച്ചു വിടുമ്പോൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ലഭിക്കില്ല. പലരും തങ്ങളുടെ പരാതി കെട്ടഴിച്ചു പൊതുപ്രവർത്തകരോട് സങ്കടം തീർക്കുമ്പോഴും തങ്ങളുടെ ഊരൂം പേരും പുറത്ത് വിടരുതെന്നാണ് ആവശ്യപ്പെടാറാണ് പതിവ്.

പ്രായം 60 കഴിയുമ്പോൾ കാരണമൊന്നും പറയാതെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്ന സംഭവങ്ങളേറെയാണ്. ഇത്തരത്തിൽ പിരിച്ചു വിടപ്പെട്ട ചിലർ അടുത്ത കാലത്ത് ലേബർ വകുപ്പിനെ പരാതികളുമായി സമീപിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ ലേബർ വകുപ്പും വേണ്ടത്ര പരിഗണന കാട്ടാറില്ല. ജോലി ചെയ്തതിന് സ്ഥാപനത്തിലോ സ്ത്രീ തൊഴിലാളി വശമോ രേഖകളോന്നുമുണ്ടാകാറില്ല എന്നതാണ് പരിമിതി.

വർഷത്തിൽ 100 ദിവസം മാത്രം പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് പോലും സുസംഘടിതമായ സംഘടനാ സംവിധാനമുള്ളപ്പോൾ വർഷത്തിൽ 365 ദിവസവും പണിയെടുക്കുന്ന പത്തും ഇരുപതും വർഷം ജോലിയെടുക്കുന്ന അസംഘടിത സ്ത്രീ തൊഴിലാളികൾക്ക് പേരിനൊരു സംഘടന പോലും ഇല്ലെന്നതാണ് യാഥാർത്ഥ്യം.