മരട്: നഗരസഭ പദ്ധതി നിർവ്വഹണത്തിൽ നൂറ് മേനി കടന്ന് മരട് നഗരസഭ. 2020-21 വർഷത്തിലെ നഗരസഭയുടെ ബഡ്ജറ്റ് വിഹിതമായ 10.02 കോടി രൂപയിൽ സ്പിൽ ഓവർ ഉൾപ്പടെ 10.13 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാനത്ത് 37-ാം സ്ഥാനത്തായിരുന്ന മരട് നഗരസഭ 2021-22 വർഷത്തിൽ സംസ്ഥാനത്ത് 2-ാം സ്ഥാനത്തേയ്ക്കും ജില്ലയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി.
ഉത്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിൽ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചു. നഗരഭരണം പ്രതിസന്ധിയിലാക്കിയ കൊവിഡ് ഉൾപ്പടെയുള്ള ഭീഷണികളെ സധൈര്യം ചെറുത്തു നിന്നാണ് നഗരസഭ ഈ നേട്ടത്തിലേക്ക് എത്തിയത്.
നഗരപരിധിയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞത് 33 കൗൺസിലർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പില്‍ പറഞ്ഞു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ഡി.രാജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എസ്.ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, മിനി ഷാജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.