കൊച്ചി: പുരാവസ്തു സാമ്പത്തികതട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൽനിന്ന് പണംവാങ്ങിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തലാലിന്റെ കസേരയാണ് തെറിച്ചത്. സ്‌റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയിലേക്കാണ് മാറ്റം.
മോൻസൻ മാവുങ്കലിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനന്തലാൽ ഒരുലക്ഷം രൂപയും മേപ്പാടി എസ്.ഐ എ.ബി. വിപിൻ 1.75 ലക്ഷംരൂപയും വാങ്ങിയെന്ന് കണ്ടെത്തി. പുരാവസ്തു തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പായിരുന്നു പണമിടപാട്. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരം ഇവരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം തുടരുകയാണ്.
മോൻസന്റെ കൈയിൽനിന്ന് പണം വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴിനൽകിയിരുന്നു. എന്നാൽ ഇത് കടമായി വാങ്ങിയതെന്നായിരുന്നു വിശദീകരണം. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് ഉൾപ്പെട്ട മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് അനന്തലാൽ.