df

കൊച്ചി: രാജ്യത്തെ ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ അപൂർവ നിമിഷങ്ങളും രാജഭരണം മുതൽ ജനാധിപത്യം വരെയുള്ള കാലഘട്ടത്തെ ചിത്രങ്ങളും ഉൾപ്പെട്ട ഫോട്ടോപ്രദർശനം പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി. പ്രധാനവേദിയായ സരിത തിയേറ്ററിന് പുറത്താണ് പ്രദർശനം.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അന്തരിച്ച കെ.ശിവന്റെ കാമറാ കണ്ണുകളിൽ പതിഞ്ഞ ചിത്രങ്ങളാണിവ. രാമു കാര്യാട്ട്, സത്യൻ, ഭരത് ഗോപി, തിക്കുറിശ്ശി, രാജ് കപൂർ, ബഹദൂർ, പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ ജീവിതത്തിലെയും ചെമ്മീൻ സിനിമയുടെയും അപൂർവ നിമിഷങ്ങളുടെ ഫോട്ടോകളും പ്രദർശനത്തിലുണ്ട്.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, കെ.കരുണാകരൻ, ഇ.എം.എസ്, സർ സി.പി, പട്ടംതാണുപിള്ള തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ഔദ്യോഗിക ജീവിതത്തിലെ നിമിഷങ്ങൾ കൗതുകമുണർത്തും.

ചെമ്മീൻ സിനിമയുടെ ലോക്കേഷൻ ചിത്രങ്ങൾക്കാണ് ആസ്വാദകരേറെ. ശിവന്റെ ഫോട്ടോഗ്രാഫിയുടെ മികവിനെ അടയാളപ്പെടുത്ത ഡോക്യുമെന്ററിയും കാണാം. സംവിധായകൻ ശങ്കർ രാമകൃഷ്ണനും കലാ സംവിധായകൻ റോയ് പി.തോമസും ചേർന്നാണിത് ഒരുക്കിയത്. 1932ൽ ഹരിപ്പാട് ജനിച്ച ശിവൻ 1955ലാണ് ഫോട്ടോഗ്രാഫറായത്. കഴിഞ്ഞവർഷം അന്തരിച്ചു. സംവിധായകൻ സന്തോഷ് ശിവൻ മകനാണ്. സംഗീത് ശിവൻ, സജീവ് ശിവൻ എന്നിവരാണ് മറ്റു മക്കൾ.

 ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന, ശിവനെപ്പോലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വത്തെ ആദരിക്കേണ്ടത് മലയാളത്തിന്റെ കടമയാണെന്ന തിരിച്ചറിവിൽ നിന്നാണ് അക്കാഡമി ഇത്തരമൊരു ആദരമൊരുക്കിയത്.
പ്രേംകുമാർ
വൈസ് ചെയർമാൻ,
ചലച്ചിത്ര അക്കാഡമി