കോതമംഗലം: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികൾ കോതമംഗലം പഞ്ചായത്തിൽ തൊഴിൽ ദിനത്തിൽ ഏർപ്പെട്ട് ഒന്നാമതെത്തിയ സന്തോഷം പങ്കിട്ട് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. ഒമ്പതാം വാർഡ് അംഗം പ്രിയ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ച തൊഴിലാളി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ്‌ പി. കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, തൊഴിലുറപ്പ് വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീദേവി രവീന്ദ്രൻ, രമ്യ ജയകൃഷ്ണൻ, കെ.എസ്. വീണ, ജയ ഗോപി, ശാന്ത രാജൻ, രാജി വേണുഗോപാൽ എന്നിവർ സംസാരിച്ചു. കൂടുതൽ തൊഴിൽ കണ്ടെത്തി തൊഴിലാളികൾക്ക് നൽകിയ വാർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ അനുമോദിച്ചു. തൊഴിലുറപ്പ് കൂലി 311 രൂപയാക്കി വർദ്ധിപ്പിച്ച കേന്ദ്രസർക്കാരിന് കൂട്ടായ്മ നന്ദി രേഖപ്പെടുത്തി. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.