കൊച്ചി: കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന കെ - റെയിൽ പദ്ധതിയെ ജനഹിതത്തോടൊപ്പംനിന്ന് എതിർക്കുന്ന കോൺഗ്രസാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ- റെയിൽ കീറിമുറിക്കാത്ത കേരളത്തിനായി എന്ന വിഷയത്തിൽ എറണാകുളം ഡി.സി.സിയിൽ സബർമതി പഠനഗവേഷണകേന്ദ്രം നടത്തിയ പ്ലബിസൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനികരീതിയാണ് ലോകമെമ്പാടും സ്വീകരിക്കുന്നത്. കെ- റെയിൽ വിഷയത്തിൽ കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന വികസനപ്രക്രിയയുമായി സി.പി.എം കാലത്തിനുപിന്നേ നടക്കുകയാണ്. ചെരുപ്പിനൊത്തു കാലുമുറിക്കുന്നതുപോലെ ജയ്ക്കയുടെ ലോണിന്റെ നിബന്ധനയ്ക്കനുസരിച്ച് ബ്രോഡ്‌ഗേജ് സ്റ്റാൻഡേർഡ് ഗേജാക്കി. തങ്ങൾക്ക് താത്പര്യമില്ലാതെയാണ് ഡി.പി.ആറിൽ സ്റ്റാൻഡേർഡ് ഗേജ് എന്നെഴുതിയതെന്ന് ഡി..പി. ആർ തയ്യാറാക്കിയ ഫ്രഞ്ച് ഏജൻസി സിസ്ട്രതന്നെ ആമുഖത്തിൽ പറഞ്ഞത് രസാവഹമായ കാര്യമാണ്. വികസനമല്ല കമ്മീഷനാണ് മുഖ്യമെന്ന് ഇതിലൂടെ മനസിലാക്കാമെന്ന് സതീശൻ ആരോപിച്ചു.
4 ലക്ഷംടൺ കരിങ്കല്ല് മാത്രം ആവശ്യമുള്ള വിഴിഞ്ഞം പദ്ധതി കല്ലിന്റെ ക്ഷാമംനിമിത്തം പണി പൂർത്തിയാക്കാൻ പറ്റാതിരിക്കുമ്പോൾ 28 ലക്ഷം ടൺ കരിങ്കല്ല് ആവശ്യമുള്ള കെ- റെയിലിന് കല്ല് എവിടെ നിന്ന് കിട്ടുമെന്നത് അജ്ഞാതമാണെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. ബിഹേവിയറൽ എനർജി വിദഗ്ദ്ധൻ ഡോ.സി. ജയരാമൻ, സി.ആർ. നീലകണ്ഠൻ, പത്രപ്രവർത്തക എം. സുചിത്ര, ഡോ എം.സി. ദിലീപ്കുമാർ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡോ. ടി.എസ്. ജോയി, ഷൈജു കേളന്തറ എന്നിവർ പ്രസംഗിച്ചു.