ആലുവ: ലക്ഷങ്ങൾ മുടക്കി എടയാറ്റുചാൽ പാടശേഖരത്തിൽ നടത്തിയ ഏക്കറു കണക്കിന് നെൽകൃഷി കൊയ്‌തെടുക്കാതെ ഉപേക്ഷിച്ച നിലയിൽ. തരിശുനിലം കൃഷിയോഗ്യമാക്കാൻ കരാറെടുത്തവർ കൊയ്ത്ത് പാതിവഴിയിൽ ഉപേക്ഷിച്ച് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി സ്ഥലം വിട്ടതോടെ വയലുകളിൽ കൃഷി ഉണങ്ങി നശിക്കുകയാണ്. 300 ഏക്കർ വരുന്ന പാടശേഖരത്തിൽ 225 ഏക്കറിലാണ് എടയാറ്റുചാൽ നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിൽ കുട്ടനാടൻ കർഷകരെകൊണ്ട് നെൽകൃഷിയിറക്കിയത്. എന്നാൽ നിലമൊരുയ്ക്കൽ മുതൽ കൊയ്ത്തുവരെ അലക്ഷ്യവും അശാസ്ത്രീയവുമായി നടത്തിയ കൃഷി 50 ഏക്കറോളം നശിച്ചു.

വിത്തു മുളപ്പിച്ചു ഞാറ്റടിയുണ്ടാക്കി നടുന്നതിനു പകരം വിതച്ചു പോകുകയായിരുന്നു. നിലമൊരുക്കാതെ പല വയലുകളും തരിശായി ഉപേക്ഷിക്കുകയും ചെയ്തു. വളമിടലും ജലസേചനവും കൃത്യമായിരുന്നില്ല. വെള്ളം കിട്ടാതെ തണ്ടിരിക്കൽ, എടയാർ, മുപ്പത്തടം ഭാഗങ്ങളിൽ തുടക്കത്തിലെ കൃഷി കരിഞ്ഞുണങ്ങി.

പരിചരണം നൽകി വളർത്തിയ എരമം ഭാഗത്ത് കൊയ്ത്തുത്സവം ആഘോഷിച്ചത്. കൊയ്ത്ത്‌മെതിയന്ത്രം എളുപ്പം കടന്നു ചെല്ലുന്ന നിലങ്ങൾ മാത്രമാണ് കൊയ്തത്. ഇതിനിടെ വിത്തിറക്കിയ 225 ഏക്കറിന്റെ കണക്കു പ്രകാരം 31.85 ലക്ഷം രൂപ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിച്ചതോടെ കരാറെടുത്തവർ കൊയ്ത്തു മതിയാക്കി പോയി. സബ്‌സിഡിക്കു പുറമേ ജില്ലാ പഞ്ചായത്ത് നൽകിയ 10 ലക്ഷത്തിന്റെ വിഹിതവും ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷവും പഞ്ചായത്തിന്റെ 4 ലക്ഷവും ഇവർക്കു ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മറ്റു തരിശുപാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. കടുങ്ങല്ലൂർ മുണ്ടേപ്പാടത്ത് 80 ഏക്കർ,മുപ്പത്തടം കാച്ചപ്പിള്ളിച്ചാൽ 16 ഏക്കർ, കടുങ്ങൂച്ചാൽ, ഏലൂക്കര മണ്ടകപ്പാടം, കണിയാംകുന്ന് ഏലപ്പാടം എന്നിവിടങ്ങളിൽ 10 ഏക്കർ വീതം എന്നിങ്ങനെ നെൽകൃഷി നടക്കുന്നുണ്ട്.