fisheries
തീരദേശ മേഖലയിലെ മത്സ്യത്തെഴിലാളി വനിതകൾക്ക് സാമ്പത്തിക സുരക്ഷയേകാനുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോൾവിംഗ് ഫണ്ട് വിതരണവും വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് സാമ്പത്തിക സുരക്ഷയേകാനുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോൾവിംഗ് ഫണ്ട് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വനിതകളെ ഉൾപ്പെടുത്തി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തനഫണ്ടായി 50,000രൂപവീതം നൽകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണിത്. ചെല്ലാനത്ത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തീരസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റു തീരങ്ങളിലേക്കും ഉടനെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കേരള ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പി.എസ്. രാജൻ, ഫിഷറീസ് ജോ.ഡയറക്ടർ എം.എസ്. സാജു, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർഖാൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ടി.ഡി. സുധ തുടങ്ങിയവർ പങ്കെടുത്തു.