കാലടി: ഭാരതീയ ഗുരുകുല വിദ്യാഭ്യാസത്തിന്റെ പ്രചോദനമാണ് സ്‌കൗട്ട്‌സ് പ്രസ്ഥാനം ഇന്ത്യയിൽ രൂപം കൊണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കാലടി ശ്രീശാരദ സൈനിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹിന്ദുസ്ഥാൻ സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾക്കുള്ള രാജ്യ പുരസ്‌കാർ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനം കാഴ്ചവച്ച 21 സ്‌ക്കൂളുകളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾക്കാണ് അവാർഡ് വിതരണം ചെയ്തത്. കൂടാതെ 21 പ്രിൻസിപ്പൽമാർക്ക് പ്രവർത്തന മികവിന് എക്‌സലൻസ് അവാർഡുകളും പരിശീലകർക്ക് മെഡൽ ഒഫ് മെറിറ്റും ഗവർണർ സമ്മാനിച്ചു.

ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ചീഫ് കമ്മിഷണർ എം. അബ്ദുൽ നാസർ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യക്ഷൻ ഭരത് അറോറ, ദേശീയ ഓർഗനൈസിംഗ് കമ്മിഷണർ കിഷോർ സിംഗ് ചൗഹാൻ, സംസ്ഥാന സെക്രട്ടറി എം. ജൗഹർ, ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ്, ശ്രീ ശാരദ വിദ്യാലയ പ്രിൻസിപ്പൽ ഡോ.ദീപ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.