പെരുമ്പാവൂർ: ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ടൈലുകൾ ഒലിച്ചു പോയത് വിവാദത്തിലേക്ക്. കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ മുറ്റത്ത് വിരിച്ച ടൈലുകളാണ് മഴയത്ത് ഒലിച്ച് പോയത്. കേരള സർക്കാരിന്റെ കെ.ഇ.എൽ (കെൽ) വഴി പണികഴിപ്പിച്ച കെട്ടിടത്തിന്റെ മുറ്റത്തെ ടൈലുകളാണ് മഴ പെയ്തതോടെ ഒലിച്ചുപോയത്.ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് ഉദ്ഘാടനം ചെയ്ത കെട്ടിടം 70 ലക്ഷം രൂപ ചെലവിലാണ് പണി കഴിപ്പിച്ചത്.

അതിനിടെ സംഭവത്തിൽ യാതൊരു അന്വേഷണവും നടത്താതെ തന്നെ ടൈലുകൾ പുനസ്ഥാപിക്കുവാനുള്ള അധികൃതർ നീക്കം നടത്തുന്നതിനെതിരെ ജനരോഷണം ഉയരുകയാണ്. ഒലിച്ചുപോയ ടൈലുകൾ ചൊവ്വാഴ്ച രാത്രി തന്നെ പുനസ്ഥാപിക്കുവാനുള്ള നീക്കം ഇന്നലെ രാവിലെ ബി.ജെ.പി.പ്രവർത്തകർ എത്തി തടഞ്ഞു. ഈ കെട്ടിടവും മുറ്റവും അടങ്ങിയ പണിയിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിലുളള അഴിമതി അന്വേഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി.ഗോപകുമാറും ജനറൽ സെക്രട്ടറി പി.എം സുനിൽകുമാറും ചേർന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.