പെരുമ്പാവൂർ: വിദ്യാർത്ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മഹല്ല് ജമാഅത്തുകൾ കേന്ദ്രമാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് കൂടിയാലോചിക്കുന്നതിന് പെരുമ്പാവൂരിൽ മുസ്ലീം നേതൃസമ്മേളനം സംഘടിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ വഴിയും ലഹരി മാഫിയ വഴിയും മയക്കുമരുന്നുകൾ യഥേഷ്ടം എത്തിചേരുന്നുണ്ടെന്നും പെരുമ്പാവൂർ ലഹരി മാഫിയയുടെ ഹബ്ബായി മാറിയിരിക്കുയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. ലഹരി മാഫിയകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് അതിശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ലഹരിക്ക് അടിമകളായ മഹല്ല് അംഗങ്ങളിൽ ബോധവത്കരണം നടത്തുന്നതിനും മഹല്ലുകളെ സമ്പൂർണ്ണമായ ലഹരി വിമുക്തമാക്കി മാറ്റുന്നതിനും മസ്ജിദുകൾ കേന്ദീരിച്ച് 'മഹല്ല് ലഹരി വിമുക്ത യജ്ഞം' ആരംഭിക്കുവാനും സമ്മേളനം തീരുമാനിച്ചു. മഹല്ല് ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി പുരുഷന്മാരെ ഉൾപ്പെടുത്തി മഹല്ല് ജാഗ്രതാ സമിതികളും സ്ത്രീകളെ ഉൾപ്പെടുത്തി കുടുംബ ജാഗ്രതാ സമിതികളും രുപീകരിക്കും.
ഇമാം എ.പി. അഹ്‌മദ് അഷ്റഫ് മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ താലൂക്ക് പ്രസിഡന്റ് വി.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ പള്ളിപ്രം വിഷയാവതരണം നടത്തി. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, എം.എ. അലി മേക്കാലടി, കമാൽ റഷാദി, അബ്ദുൽ റഷീദ് ഫലാഹി,പി. അലി ബാഖവി,ടി.എം. മുഹമ്മദ് കുഞ്ഞ്, വി.പി. നൗഷാദ്,കെ.എം.എ. ലത്തീഫ്,എൻ.എ. മൺസൂർ,കെ.എം.എ. സലീം,കെ.എ. നൗഷാദ് ,എം.പി. ബാവമാസ്റ്റർ, റഈസ് മാറമ്പിള്ളി, സലീം കെ.എ,അൻവർ പി. സെയ്ത്, ഷെമീർ കെ.പി,ശിഹാബ് എം.എസ്. എന്നിവർ പ്രസംഗിച്ചു.