കൊച്ചി: തെരുവിലെ ആരവങ്ങൾ നോക്കിയല്ല ജഡ്ജിമാർ വിധി പ്രസ്താവിക്കേണ്ടതെന്നും നിയമവാഴ്ചയുടെ അടിവേരുകൾ സംരക്ഷിക്കപ്പെടണമെന്നും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. നിരപരാധികൾ ശിക്ഷിക്കപ്പെട്ട 10 സംഭവങ്ങൾ കോർത്തിണക്കി അഡ്വ. അരുൺ ധൻ എഴുതിയ ' നിയമം നിഴൽവീഴ്ത്തിയ ജീവിതങ്ങൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് വൈറ്റില ബി.ടി.എച്ച് സരോവരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എവിഡൻസ് ആക്‌ടിലെ 27ാം വകുപ്പനുസരിച്ചുള്ള റിക്കവറിക്കല്ലാതെ മറ്റൊന്നിനും പ്രതിയുടെ മൊഴി അവലംബിക്കാൻ പാടില്ലെന്നാണ് നിയമം.

ക്രിമിനൽ കേസുകളുടെ തെരുവുവിചാരണയും വിധിപ്രഖ്യാപനവുമൊക്കെ വികാരത്തള്ളിച്ചയോടെ രാവും പകലും ചർച്ച ചെയ്യപ്പെടുകയാണ്. കുറ്റാരോപിതരുടെ മൊഴികൾ ആഘോഷിക്കുന്ന സമൂഹമായി കേരളം മാറി. ഇത്തരം കാര്യങ്ങളിൽ ആത്മപരിശോധന ആവശ്യമാണ്. പ്രതികളുടെ നിരപരാധിത്വം പിന്നീട് തെളിഞ്ഞ സംഭവങ്ങൾ ചൂണ്ടിക്കാട്ടി 2004ൽ താൻ തുടങ്ങിവച്ച 'സാക്ഷ്യം' എന്ന കൃതിക്ക് തുടർച്ചയായി തന്റെ ജാമാതാവ് അരുൺ പുസ്തകവുമായി രംഗത്തെത്തിയതിലുള്ള സന്തോഷവും ഗവർണർ പങ്കുവച്ചു. നിയമത്തിന് അപഭ്രംശം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നിയമം നിഴൽവീഴ്ത്തിയ ജീവിതങ്ങൾ ' എന്ന പുസ്തകത്തിന് കഴിയട്ടെയെന്നും ഗവർണർ ആശംസിച്ചു.

ഹൈക്കോടതി​ ജഡ്ജി​ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പുസ്തകപ്രകാശനം നിർവഹിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഏറ്റുവാങ്ങി. ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, മനുഷ്യാവകാശ കമ്മിഷൻ ജുഡി​ഷ്യൽ അംഗം കെ. ബൈജുനാഥ്, അഡ്വ. സെബാസ്റ്റ്യൻ പോൾ, സംഘാടകസമിതി കൺവീനർ പി.ആർ. ശിവശങ്കർ, രവി ഡിസി തുടങ്ങിയവർ സംസാരിച്ചു.