കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനിടെ നിരോധനം ലംഘിച്ച് കോഴിയെ ബലിയറുത്ത രണ്ടുപേർ അറസ്റ്റിൽ. ചങ്ങമ്പള്ളി കളരിയിൽ ഉൾപ്പെട്ട തൃശൂർ പുത്തുർ ക്രിസ്റ്റോ എന്ന ആദിത്യനാഥ് സുരേന്ദ്രൻ (26), അങ്കമാലി സ്വദേശി സുനിൽ തണ്ടാശേരി (34) എന്നിവരാണ് അറസ്റ്റിലായത്.
വടക്കെനടയിലെ കോഴിക്കല്ലിൽ കോഴിയെ സമർപ്പിക്കാൻ വന്നതാണെന്ന വ്യാജേന എത്തിയ ഇവർ കോഴിയെ ബലിയറുക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം.
ക്ഷേത്രത്തിൽ ജന്തുബലി നിരോധന നിയമപ്രകാരം കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ കോഴിക്കല്ല് മൂടൽ ചടങ്ങിലെത്തിയത്. ചുവന്ന പട്ടുകൊണ്ട് ബലിക്കല്ല് മൂടുന്നതാണ് ചടങ്ങ്. കഴിഞ്ഞവർഷവും സമാന സംഭവം ഉണ്ടായിരുന്നു.