കൊടുങ്ങല്ലൂർ: ശ്രീകരുംബക്കാവിൽ കോമരങ്ങളുടെ കാവേറ്റം. കൊടുങ്ങല്ലൂർ ഭരണിയുടെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടാനായി ആയിരങ്ങൾ കാവിലെത്തി. ഇന്നലെ വൈകീട്ട് ക്ഷേത്രാങ്കണത്തിൽ രേവതി വിളക്കിന്റെ പൊൻവെട്ടം കുരുംബക്കാവിനെ ധന്യമാക്കി. കാളി ദാരിക യുദ്ധത്തിൽ കാളി, ദാരികനെ വധിച്ച് അധർമത്തിനുമേൽ സത്യം വിജയിച്ചതിന്റെ ഓർമ്മയായാണ് രേവതി വിളക്ക് തെളിക്കുന്നെതെന്നാണ് ഐതിഹ്യം.

കൂട്ടം കൂടിയെത്തിയ കോമരങ്ങൾ കാവാകെ ഉറഞ്ഞുതുള്ളി വലംവച്ച് വടക്കെനടയിലെ ദീപസ്തംഭത്തിനു മുന്നിൽ നിലയുറപ്പിച്ചു. രേവതി വിളക്ക് തെളിഞ്ഞതോടെ കോമരങ്ങൾ ആർത്തിരമ്പി വെട്ടിയുറഞ്ഞു. ഇന്നാണ് ഭരണിയുത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവു തീണ്ടൽ. രാവിലെ 11ന് ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞ് നടയടക്കും. തുടർന്ന് ക്ഷേത്രത്തിനകത്ത് പ്രസിദ്ധമായ തൃച്ചന്ദനച്ചാർത്ത് പൂജ ആരംഭിക്കും. അവകാശികളായ വിവിധ മഠങ്ങളിലെ അടികൾമാർ പൂജയ്ക്ക് നേതൃത്വം നൽകും.

മൂന്നു മണിക്കൂറിലേറെ നീളുന്ന പൂജ ക്ഷേത്രത്തിനകത്ത് നടക്കുമ്പോൾ ക്ഷേത്രാങ്കണത്തിലുള്ള കോമരങ്ങൾ ഉറഞ്ഞുതുള്ളും. ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രനടകൾ അടയ്ക്കുന്നതിനു മുമ്പേ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാജപല്ലക്കിൽ ക്ഷേത്രത്തിന്റെ കിഴക്കെനടയിലുള്ള ബലിക്കൽപ്പുരയിൽ എഴുന്നള്ളും. ഇതോടൊപ്പം പാലയ്ക്കു വേലനും തന്റെ പരമ്പരാഗത വേഷത്തിൽ പടിഞ്ഞാറെ നടയിൽ എഴുന്നള്ളി പീഡം ഇട്ടിരിക്കും.

ക്ഷേത്രത്തിലെ പൂജകൾ കഴിയുന്നതോടെ വടക്കെനട അടച്ച് അടികൾമാർ പുറത്തിറങ്ങുന്നതോടെ വലിയതമ്പുരാൻ തൃച്ചന്ദനച്ചാർത്ത് പൂജകൾക്ക് അനുവാദം നൽകും. പൂജകൾ കഴിഞ്ഞ് അടികൾമാർ പുറത്തിറങ്ങിയാൽ വലിയ തമ്പുരാൻ തന്ത്രികൾക്കും മറ്റും അധികാരദണ്ഡുകൾ നൽകി പുറത്തിറങ്ങി കിഴക്കെനടയും അടയുന്നതോടെ വലിയ തമ്പുരാൻ കാവുതീണ്ടലിന് അനുമതി നൽകും. അതോടെ ആയിരക്കണക്കിന് കോമരങ്ങൾ കാവുതീണ്ടും . അശ്വതി കാവുതീണ്ടി ഒരാഴ്ച കഴിഞ്ഞാണ് ദർശനത്തിനായി ക്ഷേത്ര നട തുറക്കുക.