കുറുപ്പംപടി : ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ കൂവപ്പടി ബ്ലോക്ക് തല ഉദ്ഘാടനം അശമന്നൂർ പഞ്ചായത്തിലെ
പത്താം വാർഡിൽ മേതലയിൽ നടന്നു. ചേരുംകുഴി തോടിന്റെ നവീകരണമാണ് തൊഴിലുറപ്പ് പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ആരംഭിച്ചത്. തോടിലെ ചെളി നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തിയാണ് തുടങ്ങിയിരിക്കുന്നത്. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ വാഹിനി.
കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം നിർവ്വഹിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി.ഡി.ഒ വി.വി റഹിമ, പി.വി.ഐ.പി എ.ഇ ടി. രതീഷ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, വാർഡ് അംഗം കെ.കെ. മോഹനൻ, ബ്ലോക്ക് അംഗം എൻ.എം. സലിം എന്നിവർ സന്നിഹിതരായിരുന്നു.