
മൂവാറ്റുപുഴ: സൈൻസ് 2022 ദേശീയ ചലച്ചിത്ര മേള പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കമൽ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിന്റെയും മറ്റ് അനേകം വിരുദ്ധശക്തികളുടെയും എതിർപ്പുകളെ വകവയ്ക്കാതെ സ്വതന്ത്രവും ധീരവുമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയാണ് സൈൻസെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ചലച്ചിത്ര നിർമാണം നടത്തുന്ന ചെറുപ്പക്കാർ ധൈര്യത്തോടെ ഈ മേളയിൽ ചിത്രങ്ങളുമായി എത്തുന്നതെന്നും കമൽ പറഞ്ഞു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി .പി. എൽദോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മേളയുടെ ഫെസ്റ്റിവൽ ബുക്ക് മൂവാറ്റുപുഴ എം.എൽ.എ .ഡോ. മാത്യു കുഴൽനാടൻ ചലച്ചിത്ര സംവിധായകൻ കെ.എം. കമലിന് നൽകി പ്രകാശനം ചെയ്തു. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രേമേന്ദ്ര മജൂംദാർ, മുനിസിപ്പൽ കൗൺസിലർ ജോയ്‌സ് മേരി ആന്റണി എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ കേരള റീജിയണൽ സെക്രട്ടറി കെ .ജി. മോഹൻകുമാർ, മേള ആർടിസ്റ്റിക് ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ സംഘാടകരെയും മേളയെയും പരിചയപ്പെടുത്തി സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ യു. ആർ. ബാബു സ്വാഗതവും കൺവീനർ പ്രകാശ് ശ്രീധർ നന്ദിയും പറഞ്ഞു. അന്തരിച്ച വിഖ്യാതകവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ ജീവിതം ആസ്പദമാക്കി എം. ആർ. രാജൻ സംവിധാനം ചെയ്ത തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ എന്ന ഡോക്യുമെന്ററി മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.
രണ്ടാം ദിവസമായ ഇന്നലെ ഇ വി എം ലത തീയറ്ററിൽ രണ്ട് സ്‌ക്രീനുകളിൽ മത്സരവിഭാഗത്തിലെ 10 ഹ്രസ്വചിത്രങ്ങളും മൂന്ന് ഡോക്യുമെന്ററികളും അടക്കം 25 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷമുള്ള ഓപ്പൺ ഫോറത്തിൽ ഇന്ദു എസ്. കുമാർ, ആൽഫി ജോളി, ആൻ മേരി ഡേവിസ്, നിസ്സി ജോയ് എന്നിവർ ചർച്ച നയിച്ചു. മേളയോടനുബന്ധിച്ചുള്ള കലയും പൊതുമയും പ്രഭാഷണ പരമ്പരയ്ക്കും വൈകിട്ട് തുടക്കമായി. സ്‌ക്രീൻ ഒന്നിലെ വേദിയിൽ ഡോ. അജു കെ. നാരായണൻ പൊതുമയുടെ പുതുമകൾ എന്ന വിഷയത്തിലും കേളി രാമചന്ദ്രൻ, കാലമെഴുതും നാട്ടുചുവടുകൾ എന്ന വിഷയത്തിലും സംസാരിച്ചു. ഇന്ന് ്ക്രീൻ ഒന്നിൽ രാവിലെ ഒമ്പതിന് ദേവരടിയാർ ഇൻ. സദിർ (എസ് ഷൺമുഖാനന്ദൻ), പ്രവാഹി (അരുൺ ഘോപ്കർ) ,ഐ.ആം. 20 (എസ് എൻ എസ് ശാസ്ത്രി), രാവിലെ 11.15 ഇഫ് മെമ്മറി സെർവ്‌സ് മി റൈറ്റ് (റഫീഖ് ഏലിയാസ്) റിപ്പിൾസ് അണ്ടർ ദ സ്‌കിൻ (ഫാറ ഖാതും), ആഡിഗജ്ഞൻ (സൊഹൈൽ വൈദ്യ), ഉച്ചകഴിഞ്ഞ് 2ന് ചലോ ഉന (ഉജ്ജ്വൽ കനിഷ്‌ക ഉൽക്കർഷ്) ഉച്ചകഴിഞ്ഞ് 03.45ന് ലക്ഷ്മി (ഹരോൾഡ് ആന്റണി പോൾസൺ), മെഷീൻ (പ്രവീൺ അനർസ്), മഴിയ അയ്ച്ചി ഗേൾ ഫ്രണ്ട് (അരുൺ ഫുലാറ), ടെസ്റ്റിമണി ഒഫ് അന (സച്ചിൻ ധീരജ് മുഡിഗൊണ്ഡ) , അപ്പാവിൻ പരിശ് (ജഗന്നാഥ് രാധാകൃഷ്ണൻ) എന്നിവ പ്രദർശിപ്പിക്കും.