കളമശേരി: ഫാക്ട് എംപ്ലോയീസ് എഡ്യുക്കേഷൻ ആൻഡ് സർവീസ് സൊസൈറ്റിയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്ന് മാനേജ്മെന്റ് പിൻമാറണമെന്ന് ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ അവശ്യപ്പെട്ടു. യശശരീരനായ എം.കെ.കെ നായർ സ്ഥാപിച്ചതാണ് ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ. നിലവിൽ ഫാക്ട് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ നാനാമേഖകളിൽ പ്രമുഖരായ നിരവധിപേർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. നഗരസഭാ ചെയർമാനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ദിവസമാണ് വിദ്യാലയം അടച്ചു പൂട്ടുമെന്ന ബോർഡുകൾ സ്കൂൾപരിസരത്ത് സ്ഥാപിച്ചത്. ഇതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. 210 വിദ്യാർത്ഥികളുള്ള സ്കൂളിൽ അടുത്ത വർഷത്തേക്ക് നഴ്സറി ക്ലാസിലേക്ക് 32 കുട്ടികൾക്ക് അഡ്മിഷൻ നൽകി ഫീസ് സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ സാമൂഹ്യ പ്രാധാന്യം കൂടി കണക്കിലെടുത്ത് സ്കൂൾ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.