പത്തനംതിട്ട: നീണ്ട രണ്ടുവർഷങ്ങൾക്ക് ശേഷം കലോത്സവ വേദി ഉണർന്നതിന്റെ സന്തോഷത്തിലാണ് നൃത്താദ്ധ്യാപകർ. കലോത്സവങ്ങൾക്കായി കുട്ടികളെ അഭ്യസിപ്പിച്ച് വരുമാനം കണ്ടെത്തുന്ന അദ്ധ്യാപകർ നിരവധിയുണ്ട്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി ഇവർക്ക് വരുമാനം ഇല്ലാത്ത സാഹചര്യമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കുകയാണിവർ. വേദിയിലേക്ക് കയറുന്നതിന് മുമ്പ് മുദ്രകളും ചുവടുകളും വീണ്ടും പരിശീലിപ്പിച്ച് തന്റെ ശിഷ്യൻ അരങ്ങിൽ നൃത്തം ചെയ്യുന്നത് കണ്ട് അഭിമാനിക്കുകയാണ് ഓരോരുത്തരും. കൊവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പല നൃത്തവിദ്യാലയങ്ങളിലും വിദ്യാത്ഥികൾ പകുതിയിലധികവും കുറഞ്ഞു. സ്കൂൾ, സർവകലാശാല കലോത്സവങ്ങൾ ഇല്ലാതിരുന്നത് അദ്ധ്യാപകരെ സാമ്പത്തികമായി തളർത്തിയിരുന്നു. ഇപ്പോൾ വീണ്ടും അരങ്ങുണർന്നത് വലിയ ആശ്വാസമാണെന്നും അദ്ധ്യാപകർ പറയുന്നു. ഒപ്പം സി.ഡി ഇട്ട് നൃത്തം അവതരിപ്പിക്കുന്നതിനെയും അദ്ധ്യാപകർ എതിർക്കുന്നുണ്ട്. ലൈവ് ആയി പരിപാടി അവതരിപ്പിക്കുമ്പോഴാണ് എപ്പോഴും നൃത്തം പൂർണമാകുന്നത്. അങ്ങനെ അവതരിപ്പിച്ചാൽ മാത്രമേ നൃത്തം ചെയ്യുന്ന ആൾക്ക് അതിന്റെ വികാരം അറിഞ്ഞ് ചെയ്യാൻ സാധിക്കു എന്നും അദ്ധ്യാപകർ പറയുന്നു.
വീണ്ടും കലോത്സവ വേദികൾ സജീവമായതിൽ അതിയായ സന്തോഷമുണ്ട്. കുട്ടികൾ കൂടുതലായി നൃത്തം അഭ്യസിക്കാൻ എത്തുന്നുണ്ട്. കലോത്സവത്തിന് പങ്കെടുക്കുന്നതിനും കുട്ടികൾ എത്തിയിരുന്നു. വലിയ മാറ്റമാണ് രണ്ടുവർഷത്തിന് ശേഷം ഉണ്ടായിരിക്കുന്നത്.
ആർ.എൽ.വി പ്രദീപ്കുമാർ
നൃത്താദ്ധ്യാപകൻ