ഏനാനല്ലൂർ ശാഖയുടെ പുതിയ മന്ദിരം യോഗം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: ഈഴവ സമുദായത്തിന് ഇനിയും അർഹമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിച്ചിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 208ാം നമ്പർ ഏനാനല്ലൂർ ശാഖ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ സമർപ്പണത്തിന് ശേഷം ഏനാനല്ലൂർ ശ്രീനാരായണ നഗറിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനസംഖ്യയിൽ ഈഴവ സമുദായം മുന്നിലാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലുള്ള അവഗണന തുടരുകയാണ്. മൂവാറ്റുപുഴയിൽ 31 ശാഖകൾ പ്രവർത്തിക്കുന്ന വിപുലമായ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത്. ഇത് നീതിയല്ലെന്നാണ് ഞങ്ങൾ പറയുന്നത്. അർഹമായ പരിഗണന എല്ലാമേഖലയിലും ഈഴവ സമുദായത്തിന് ലഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഓഡിറ്റോറിയത്തിന്റെ നാമകരണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ഗുരുമന്ദിരത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ദിവാകരൻ കൊച്ചുകുടിയിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.കെ.ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ മുൻ പ്രസിഡന്റ് എം.കെ. കൃഷ്ണൻകുട്ടി മാലിക്കുന്നേലിനെ ചടങ്ങിൽ ആദരിച്ചു .ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ തമ്പാൻ, യൂണിയൻ കൗൺസിലർമാരായ പി.ആർ രാജു, എം.ആർ നാരായണൻ, ടി.വി മോഹനൻ, അനിൽ കാവുംചിറ, ആയവന ഗ്രാമപഞ്ചായത്ത് മെമ്പർ രഹന സോബിൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ സിനോജ്, സെക്രട്ടറി പി.എസ് ശ്രീജിത്, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം കെ.ജി അരുൺകുമാർ, ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനീഷ് പി.കരുണാകരൻ, സെക്രട്ടറി എം.ആർ പ്രദീപ്, ശാഖാ വനിതാസംഘം പ്രസിഡന്റ് ഭാരതി സുകുമാരൻ, സെക്രട്ടറി ഉഷ രാജു, ശാഖാ വൈസ് പ്രസിഡന്റ് രാജൻ കൊട്ടുക്കൽ എന്നിവർ സംസാരിച്ചു.