
കൂത്താട്ടുകുളം: പാലക്കുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ സമഗ്ര വികസന പദ്ധതികളുമായ് പാലക്കുഴ ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കങ്ങളാരംഭിച്ചു. സംസ്ഥാനപൊതു വിദ്യാഭ്യാസ വകുപ്പ് മേധാവി ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷൻ ജീവൻ ബാബുവിന്റെ നേതൃത്വത്തിലാണ് പദ്ധതി. സംസ്ഥാന സർക്കാർ , നബാർഡ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ ഭൗതിക സാഹചര്യങ്ങളൊരുക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.റ്റി., ഡയറ്റ്, കൈറ്റ് , എസ്.എസ്.കെ., വിദഗ്ദ്ധ സമിതി എന്നിവയുടെ നേതൃത്വത്തിൽ അക്കാഡമിക സഹായങ്ങൾ നൽകും. ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കെ.ജി. വിഭാഗം മുതൽ പ്ലസ് ടു വരെയുള്ള അക്കാഡമിക വളർച്ച ലക്ഷ്യമിട്ടു കൊണ്ടുള്ള മാസ്റ്റർ പ്ലാനിന്റെ കരട് രൂപം തയ്യാറാക്കി ഡി.ജി.ഇ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്തു.
സ്കൂൾ ഹാളിൽ ചേർന്ന യോഗം മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിസന്റ് ഷൈനി ജോർജ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, ബ്ലാക്ക് പഞ്ചായത്ത് അംഗം സിബി ജോർജ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിബി സാബു, പി.എസ്.സി അംഗവും പൂർവ വിദ്യാർത്ഥിയുമായ സ്റ്റാനി തോമസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ , എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ ജോസ് പെറ്റ്, കൈറ്റ് ജില്ലാ ഓഫീസർ പി.എൻ . സജിമോൻ , ഡയറ്റ് മേധാവി ദീപ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ , എ.ഇ.ഒ. ബോബി, എൻ.സി.ഇ.ആർ.റ്റി. മാസ്റ്റർ ട്രയിനർ എൻ.സി. വിജയകുമാർ, അരുൺ പി.മോഹൻ, വി.കെ.ഗീത, അനിത ടീച്ചർ, ആൽവിൻ ജോസ്, പി.റ്റി.എ. പ്രസിഡന്റ് അജി എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന ഒ.എം.ഷാജി സ്കൂൾ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികളുടെ യോഗം സംഘടിപ്പിക്കൽ, അവധിക്കാല അക്കാഡമിക പ്രവർത്തനം, ഇംഗ്ലീഷ് പരീശീലനം, അക്കാഡമികമായ അടിസ്ഥാന കാര്യങ്ങൾ നടപ്പാക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിന് യോഗം തീരുമാനിച്ചു.
പ്രധാന അദ്ധ്യാപകനെ നിയമിക്കണമെന്നും സ്കൂളിന്റെ പേര് ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂൾ പാലക്കുഴ കൂത്താട്ടുകുളം എന്നാക്കി മാറ്റണമെന്നും ജനപ്രതിനിധികളും അദ്ധ്യാപകരും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ വിദ്യാലയ വികസനത്തിന് വേണ്ടി പാലക്കുഴയിൽ നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാനത്തിന് മാതൃകയാണെന്ന് ഡി.ജി.ഇ ജീവൻ ബാബു പറഞ്ഞു. ഏപ്രിൽ നാല് മുതൽ 25 വരെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ ചേർന്ന് അക്കാഡമിക പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഡി.ജി.ഇ നിർദേശം നൽകി.