
കാലടി: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ മലയാറ്റൂർ തീർത്ഥാടന കേന്ദ്രം വീണ്ടും തിരിക്കിലേക്ക്. ദിനം പ്രതി ആയിരക്കണക്കിന് ഭക്തന്മാരാണ് കുരിശുമേന്തി മലയാറ്റൂർ മല ചവിട്ടുന്നത്. മലയാറ്റൂർ ഇടവകയിലെ വിശ്വാസികൾ മലയാറ്റൂർ മല കയറിയതോടെയാണ് ഈ വർഷത്തെ തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായത്. വിവിധ ഫെറോനകളിൽ നിന്ന് വിശ്വാസികൾ മലകയറ്റം തുടങ്ങിയതോടെ ഓശാനയ്ക്ക് മുന്നോടിയായുള്ള ഞായറാഴ്ച്ചയായിരുന്നതിനാൽ ഭക്തജനങ്ങളുടെ വൻ തിരക്കാണ് ആനുഭവപ്പെട്ടത്.
മലയാറ്റൂർ സെന്റ് തോമസ് ദൈവാലയ വികാരി ഫാ. വർഗീസ് മണവാളൻ, മലയാറ്റൂർ കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്‌സ് മേയ്ക്കൻ, ഫാ. തോമസ് മഴുവഞ്ചേരി, ഫാ. ചാക്കോ കിലുക്കൻ, ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, ഫാ. വർക്കി കാവാലിപ്പാടൻ എന്നിവരുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി പ്രാർത്ഥനയോടെയാണ് വിശ്വാസികൾ മലകയറിയത്. മലമുകളിൽ ദിവ്യബലിയും വചനസന്ദേശവും ഉണ്ടായിരുന്നു. പകൽ സമയങ്ങളിൽ വിശ്വാസികൾക്ക് കുരിശുമുടി കയറുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകരായി വരുന്ന ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും രാവിലെ 5.30 നും വൈകിട്ട് 5.45 നും ദിവ്യബലികൾ കുരിശുമല പള്ളിയിൽ നടക്കും. പ്രത്യേകം സ്വാഗതം പ്രാർത്ഥനാശംസകൾ താഴെത്തെ പള്ളിയിലും കുരിശുമല പള്ളിയിലും സജ്ജീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസ് തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിനു വിശ്വാസികൾ ഇക്കുറി നേരത്തെ എത്തി തുടങ്ങി. ആരോഗ്യവകപ്പും, പഞ്ചായത്തും വിപുലമായ മുന്നൊരുക്കം നടത്തിയതായി അധികൃതർ പറഞ്ഞു.
താഴെത്തെ പള്ളിയിൽ പുഴയോരം ചുറ്റി പ്രാർത്ഥനയ്ക്ക് ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊൻകുരിശ് എഴുന്നള്ളിക്കൽ കർമ്മം ഇന്നു മുതൽ തുടങ്ങി. വിശ്വാസികൾക്ക് പൊൻകുരിശു വണങ്ങുന്നതിനും അനുമതി നൽകിയതായി വികാരിയച്ഛൻ ഫ.മണവാളൻ പറഞ്ഞു. കൺവെൻഷൻ ഏഴിന് തുടങ്ങും 39-ാം മത് ബൈബിൾ കൺവെൻഷൻ 7, 8, 9 തീയതികളിൽ വൈകുന്നേരം 5 മണിക്കാരംഭിച്ച് രാത്രി 9 ന് അവസാനിക്കും.ഫാ.ടോണി കട്ടക്കയം നയിക്കുന്ന കൺവെൻഷനിൽ ഇക്കുറി കൊവിഡ് നിയന്ത്രണങ്ങളില്ല. കുമ്പാരസാരിക്കുന്നതിന്നും ദിവ്യബലിക്കും വഴിപാടിനും താഴെത്തെ പള്ളിയിലും കുരിശുമല പള്ളിയിലും സൗകര്യമൊരുക്കിയതായി ട്രസ്റ്റിമാർ പറഞ്ഞു.