മൂവാറ്റുപുഴ: വീട് ജപ്തി ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ അർബൻ ബാങ്കിൽ പണമടച്ച് ആധാരം തിരികെ വാങ്ങി നൽകും.

ശനിയാഴ്ചയാണ് പായിപ്രയിൽ കുട്ടികളെ പുറത്തുനിറുത്തി ഒന്നര ലക്ഷത്തോളം രൂപയുടെ വായ്പാ കുടിശികയ്ക്കായി ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തത്. പട്ടികജാതിക്കാരനും ഫോട്ടോഗ്രാഫറുമായ അജേഷിന്റേതാണ് വീട്. സ്കൂൾ വി​ദ്യാർത്ഥി​കളായ നാല് മക്കളാണ് അജേഷി​ന്. മകൻ പത്താം ക്ളാസി​ലാണ്. ഇരട്ടകളായ പെൺ​കുട്ടി​കൾ ഏഴി​ലും ഇളയ പെൺ​കുട്ടി​ അഞ്ചി​ലും പഠി​ക്കുന്നു. കുറേക്കാലമായി ഹൃദയസംബന്ധമായ ചി​കി​ത്സയി​ലായ അജേഷും ഭാര്യയും ജപ്തി നടക്കുമ്പോൾ ആശുപത്രിയിലായിരുന്നു. എം.എൽ.എ എത്തി പൂട്ട് പൊളിച്ചാണ് കുട്ടികളെ അകത്ത് കയറ്റിയത്. പ്രശ്നം രാഷ്ട്രീയവൽക്കരി​ക്കുകയല്ലെന്നും ഇത് സാധാരണ സംഭവമായി​ മാറി​യി​രി​ക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

നി​യമ നടപടി​ മാത്രം: ഗോപി​ കോട്ടമുറി​ക്കൽ

പായിപ്രയിലെ ജപ്തി നിയമപരമായ നടപടി മാത്രമായി​രുന്നെന്ന് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ഒരാഴ്ച മുമ്പേ പൊലീസിന് കത്ത് നൽകിയാണ് കോടതി​ ഉത്തരവുമായി​ ഉദ്യോഗസ്ഥർ എത്തിയത്. സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ല. കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. പിന്നീട് എത്തിയ കുട്ടികൾ അവരുടെ പുസ്തകവും മറ്റും എടുത്ത് തൊട്ടടുത്ത അമ്മവീട്ടിലേക്ക് പോവുകയായി​രുന്നു. കുടുംബത്തി​ന്റെ സാഹചര്യം അറി​ഞ്ഞി​രുന്നി​ല്ല. അയൽവാസികളാരും അജേഷ് ആശുപത്രിയിലാണെന്ന് പറഞ്ഞിട്ടില്ല. തന്നെ നന്നായി​ അറി​യാവുന്ന എം.എൽ.എ ഒന്ന് വി​ളി​ച്ചി​രുന്നെങ്കി​ൽ പരി​ഹരി​ക്കാവുന്ന പ്രശ്നമായി​രുന്നു ഇത്. വായ്പാ കുടി​ശി​ക അടയ്ക്കാൻ കുടുംബത്തെ സഹായി​ക്കുകയായി​രുന്നു എം.എൽ.എ ചെയ്യേണ്ടി​യി​രുന്നതെന്നും കേരള ബാങ്ക് പ്രസി​ഡന്റ് കൂടി​യായ ഗോപി​ കോട്ടമുറി​ക്കൽ പറഞ്ഞു.