
പറവൂർ: ഗുരുദേവനെ മാത്രം ആരാധിച്ച് ശ്രീനാരായണ സേവികാശ്രമം നൽകുന്ന സന്ദേശം ഗൗരവത്തോടെ പഠന വിഷയമാക്കേണ്ടതുണ്ടെന്ന് ആലുവ ഗുരുദർശന സമിതിയിലെ പ്രധാന അധ്യാപകൻ സി.ജി.തമ്പി ചേലക്കാട്ട് പറഞ്ഞു. പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമത്തിലെ 27-ാമത് പ്രതിഷ്ഠാദിന വാർഷികത്തോടനുബന്ധിച്ച് നടന്ന സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പല ദൈവങ്ങളിൽ ഒന്നായി ഗുരുദേവനെ കാണുന്ന മനോഭാവം തിരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.എസ്.പി.എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് അഡ്വ. എം.ബി. നാണു തമ്പിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എം.വി.രമേശൻ ആമുഖ പ്രസംഗവും അനിരുദ്ധൻ തന്ത്രികൾ ഉദ്ഘാടനവും നിർവ്വഹിച്ചു.
മൂത്തകുന്നം എച്ച്.എം.ഡി.പി. സഭാ സെക്രട്ടറി വി.ഡി. സുനിൽകുമാർ, ട്രസ്റ്റ് രക്ഷാധികാരി കൃഷ്ണമണി, ഗ്രാമ പഞ്ചായത്ത് അംഗം മായാദേവി, വാവക്കാട് ശാഖാ പ്രസിഡന്റ് എം.ആർ. ആനന്ദൻ, പാല്യത്തുരുത്ത് ശാഖാ സെക്രട്ടറി ടി.എ. മോഹനൻ, ബ്രഹ്മചാരിണി തങ്കമണി, ട്രസ്റ്റ് ഖജാൻജി വിദ്യാധരൻ, സ്വാമിനി ശാരദ പ്രിയമാത എന്നിവർ സംസാരിച്ചു. പ്രസാദ ഊട്ട്, ദീപക്കാഴ്ച എന്നിവയും നടന്നു.