fire

കൊച്ചി: കലൂർ കെ.എസ്‌.ഇ.ബി സബ്‌സ്‌റ്റേഷൻ വളപ്പിലെ സ്വിച്ചിംഗ് യാർഡിൽ വൻപൊട്ടിത്തെറിയുണ്ടായി. രണ്ടര മണിക്കൂറോളം കലൂർ, എളമക്കര, കതൃക്കടവ് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. രാത്രി എട്ട് മണിയോടെ വൈദ്യുതി ബന്ധം പൂർണതോതിൽ പുന:സ്ഥാപിച്ചു.

വൈകിട്ട് അഞ്ചരയ്ക്ക് കറന്റ്‌ ട്രാൻസ്‌ഫോർമറിലായിരുന്നു പൊട്ടിത്തെറി. ആർക്കും പരിക്കില്ല. ട്രാൻസ്‌ഫോർമറും സർക്യൂട്ട്‌ ബ്രേക്കറും കത്തി നശിച്ചു. ഗാന്ധിനഗർ ഫയർസ്‌റ്റേഷനിൽ നിന്ന്‌ രണ്ട്‌ യൂണിറ്റ്‌ ഫയർഫോഴ്‌സ്‌ എത്തി ഫോം അടിച്ച് തീയണച്ചു. പത്ത്‌ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

കളമശേരി ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.പുഷ്പ, ട്രാൻസ്മിഷൻ എക്സിക്യുട്ടീവ് എൻജിനിയർ നീലകണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥരും സബ് സ്റ്റേഷനിൽ എത്തിയിരുന്നു.

സബ് സ്റ്റേഷൻ കെട്ടിടത്തിന് വടക്കുവശത്ത് ഹൈടെൻഷൻ ലൈനുകൾ ബന്ധിപ്പിച്ച തുറസായ സ്ഥലത്തെ സ്വിച്ചിംഗ് യാർഡിലെ ഒരു ട്രാൻസ്ഫോർമറിന് സമീപമായിരുന്നു പൊട്ടിത്തെറി. കാലഹരണപ്പെട്ട ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് സൂചന.
ഗാന്ധിനഗർ അസി. സ്‌റ്റേഷൻ ഓഫീസർ എ.കെ പ്രഭുൽ, ഗ്രേഡ്‌ അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ പി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ അര മണിക്കൂർ കൊണ്ടാണ്‌ ഫയർഫോഴ്‌സ്‌ തീയണച്ചത്‌. പാലാരിവട്ടം പൊലീസും സ്ഥലത്ത്‌ എത്തിയിരുന്നു.