കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി - 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ തൃശൂർ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെ പ്രതികളായ നാലു സി.പി.എം പ്രവർത്തകർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് മേരി ജോസഫ് ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് വീട്ടിൽ സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, വില്യപറമ്പിൽ അസീസ് എന്നിവരാണ് ഹർജിക്കാർ. കുന്നത്തുനാട് എം.എൽ.എയ്‌ക്കെതിരായ വിളക്കണയ്‌ക്കൽ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഫെബ്രുവരി 12 നാണ് ദീപു ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഫെബ്രുവരി 16ന് മരിച്ചു.

പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമമനുസരിച്ചുള്ള നടപടിക്രമങ്ങൾ കോടതി പാലിച്ചില്ലെന്നാരോപിച്ച് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് തൃശൂർ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.