കൊച്ചി: ലോറിയിൽ കൊണ്ടുപോകവേ പെട്രോൾ പമ്പിന്റെ മേൽക്കൂരയിൽ തട്ടി ആമ്പല്ലൂർ കർണൻ എന്ന ആനയ്ക്കു പരിക്കേറ്റ സംഭവത്തിൽ വേട്ടയാടൽ കുറ്റമുൾപ്പെടെ ചുമത്തി രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ 14ന് തൃപ്പൂണിത്തുറ പേട്ടയിലെ പമ്പിലുണ്ടായ സംഭവത്തിൽ കേരള നാട്ടാന പരിപാലനച്ചട്ടം, വന്യജീവി സംരക്ഷണ നിയമം എന്നിവയനുസരിച്ച് വനംവകുപ്പ് കേസെടുത്ത് പെരുമ്പാവൂർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവർ ചാലക്കുടി മേലൂർ സ്വദേശി ഷാജു പോൾ, പാപ്പാന്മാരായ തൃശൂർ വട്ടണത്ര സ്വദേശി അനീഷ്, പറപ്പൂക്കര സ്വദേശി വിഷ്‌ണുപ്രഭ, ആനയുടമ തൃശൂർ ആമ്പല്ലൂർ സ്വദേശി പി. രതീഷ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഉത്തരവ്. മൃഗങ്ങളെ അറിഞ്ഞുകൊണ്ടു പരിക്കേല്പിച്ചതാണെങ്കിൽ മാത്രമേ വേട്ടയാടൽക്കുറ്റം നിലനിൽക്കൂവെന്നും ആനകളെ കൊണ്ടുപോകുമ്പോൾ സ്വീകരിക്കേണ്ട 27 സുരക്ഷാ നിർദ്ദേശങ്ങൾ പ്രതികൾ ലംഘിച്ചതായി പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.