കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെ രാവിലെ ഡി.വൈ.എഫ് .ഐ ഏലൂർ സമിതിയുടെ നേതൃത്വത്തിൽ ഫാക്ട് എസ്റ്റേറ്റ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. ബ്ലോക്ക് സെക്രട്ടറി എം.ആർ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മെൽബിൻ ആന്റണി, സജിത് തുടങ്ങിയവർ സംസാരിച്ചു.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ശിവാനി, ദേവജ, ഐശ്വര്യ എന്നിവർ പെൻസിൽ ഉപയോഗിച്ച്സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ പി.രാജീവ് എന്നിവർക്ക് അയച്ചു. പൂർവ്വ വിദ്യാർത്ഥി ശ്രീജിത്ത് മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നൽകി. പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ പ്രധാനമന്ത്രിക്ക് ഇ മെയിൽ അയച്ചതായും അറിയിച്ചു. തീരുമാനം പിൻവലിക്കുന്നത് വരെ സമരം ശക്തമാക്കാനാണ് തീരുമാനം.