കൊച്ചി: വിപണിവില കണക്കാക്കാതെ കൊച്ചി മെട്രോയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. ഷൈലജ ചേന്നാട്ട് നൽകിയ ഹർജിയിൽ ഹർജിക്കാരി ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സ്പെഷ്യൽ തഹസിൽദാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തൃപ്പൂണിത്തുറയിൽ സീമ ആഡിറ്റോറിയം സ്ഥിതി ചെയ്യുന്ന ഭൂമി കൊച്ചി മെട്രോയ്ക്കു വേണ്ടി ഏറ്റെടുത്തതിനു മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. തർക്കമുള്ള ഭൂമിയുടെ സമീപത്ത് ഉയർന്ന വിലയ്ക്ക് ഭൂമി കൈമാറ്റം ചെയ്തതിന്റെ രേഖകൾ ഹർജിക്കാരി ഹാജരാക്കാനും ഇതു പരിശോധിച്ച് ഭൂമിയുടെ വിലയിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കാനുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തുക പത്തു ദിവസത്തിനകം ഹർജിക്കാരിക്കു നൽകാനും ഉയർന്ന വില ലഭിക്കാൻ ഹർജിക്കാരിക്ക് അർഹതയുണ്ടെന്നു കണ്ടാൽ അധികത്തുക ഉടൻ നൽകാനും ഉത്തരവിൽ പറയുന്നു.