കൊച്ചി: കിലോമീറ്ററുകൾ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന് ജലസേചന വകുപ്പ് റിപ്പോർട്ട് നൽകിയ വടുതലയിലെ ബണ്ട് പൊളിക്കാനുള്ള നടപടികൾ മഴക്കാലത്തിനു മുമ്പേ പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.

ബണ്ട് അടിയന്തരമായി പൊളിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ ബണ്ട് പൊളിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും അവർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിനാലാണ് പൊളിക്കൽ നടപടികൾ നീണ്ടത്.

ജലസേചന വകുപ്പിന്റെ റിപ്പോർട്ട് ഗൗരവമായാണ് ജില്ലാഭരണകൂടം കാണുന്നത്. കോടതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ബണ്ട് പൊളിക്കൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അവശിഷ്ടങ്ങൾ എങ്ങോട്ട് നീക്കുമെന്നറിയില്ല

ബണ്ട് നീക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് പറഞ്ഞെങ്കിലും ഇവിടെ നിന്ന് എക്കലും ചെളിയും മറ്റ് നിർമ്മാണ അവശിഷ്ടങ്ങളും എങ്ങോട്ട് നീക്കുമെന്ന് ജില്ലാ ഭരണകൂടത്തിന് വ്യക്തതയില്ല. ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല.

താത്കാലിക സ്ഥലം കണ്ടെത്തി എക്കലും ചെളിയും അവിടെ നിക്ഷേപിച്ച ശേഷം പിന്നീട് അത് ലേലം ചെയ്യും. ഇതിനായി ഒന്നിലേറെ സ്ഥലങ്ങൾ പരിഗണനയിലാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതികൂടി വേണ്ടതിനാലാണ് നീളുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാക്കാലുള്ള ഉറപ്പ്

ഇനി വേണ്ട

പൊളിച്ചാൽ മതി

ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കാലുള്ള ഉറപ്പുകൾ ഇനി വേണ്ടെന്നും നടപടി എത്രയും വേഗം വേണമെന്നും സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി വ്യക്തമാക്കി. കോടതിയിൽ ജില്ലാഭരണകൂടം സമർപ്പിച്ചിരിക്കുന്ന സത്യവാംഗ്‌മൂലത്തിൽ അപാകതകളുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തി വീണ്ടും കോടതിയെ സമീപിക്കണം. കോടതിയുടെ അനുകൂല തീരുമാനത്തോടെ ബണ്ട് എത്രയും വേഗം പൊളിക്കണമെന്നും സ്വാസ് ആവശ്യപ്പെട്ടു.

ഓപ്പറേഷൻ ബ്രേക്ക്

ത്രൂ അവസാന ഘട്ടത്തിൽ

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കളക്ടർ വ്യക്തമാക്കി. ആറു ഘട്ട പദ്ധതിയുടെ അഞ്ച് ഘട്ടങ്ങളും പൂർത്തിയായി. അവസാന ഘട്ടമായ മുല്ലശ്ശേരി കനാൽ നവീകരണം പുരോഗമിക്കുകയാണ്. വലിയ പദ്ധതിയാണിത്. 10 കോടി രൂപയാണ് ചെലവഴിക്കുന്നത്. കനാലുകളുടെ നവീകരണം നടത്തിയതുമൂലം കഴിഞ്ഞ മഴക്കാലത്ത് വലിയ തോതിൽ വെള്ളക്കെട്ട് ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.