കൊച്ചി: വരുന്ന നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ 15,000 കിലോമീറ്റർ റോഡുകൾ കൂടി ബി.എം ബി.സി നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആലുവ -മൂന്നാർ റോഡ്, എം.സി റോഡ്, പുല്ലുവഴി- കല്ലിൽ റോഡ്, കുറുപ്പുംപടി- കൂട്ടിക്കൽ റോഡ് എന്നീ പാതകളാണ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നത്.
റോഡുകളുടെ നിലവാരമുയർത്തുന്നതോടൊപ്പം അവ ദീർഘകാലം നിലനിർത്തേണ്ടതുമുണ്ട്. സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട്. അതുവഴി സംസ്ഥാനത്തെ എല്ലാ പ്രവൃത്തികളുടെയും വിശദമായ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. ഓടക്കാലി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഇ.കെ. ദേവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി ഷാജി, പി.പി. അവറാച്ചൻ, ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, എക്‌സിക്യുട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, അസിസ്റ്റന്റ് എൻജിനീയർ എം.കെ. ജസിയ തുടങ്ങിയവർ പങ്കെടുത്തു.