കളമശേരി: നിയോജക മണ്ഡലത്തിലെ ഏലൂർ ഗവണ്മെന്റ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും എൽ.പി സ്കൂളും മികവിന്റെ കേന്ദ്രമാക്കാൻ പദ്ധതിയുമായി വ്യവസായ മന്ത്രി പി. രാജീവ്. ഇതിനായി പാതാളത്തെ ഗവ.ഹൈസ്കൂൾ സന്ദർശിച്ച് സ്കൂൾ അധികൃതർ, നഗരസഭാ ചെയർമാൻ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. ആധുനിക ലാബ്, ലൈബ്രറി, ക്ലാസ് റൂം സൗകര്യങ്ങളോടെ പുതിയ ബ്ലോക്ക് നിർമ്മിക്കും. ഫുട്ബാൾ, വോളിബാൾ, കബഡി എന്നിവയ്ക്കായി ഗാലറി ഉൾപ്പെടെ ഗ്രൗണ്ട് നിർമ്മിക്കും. ഇതിനായി അധിക സ്ഥലം കണ്ടെത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഏലൂർ ഗവ.എൽ.പി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ പുതിയ ബ്ലോക്ക് നിർമ്മിക്കും. ഇതിന് ഭരണാനുമതി ലഭിച്ചതായി നഗരസഭാ ചെയർമാൻ എ.ഡി സുജിൽ പറഞ്ഞു.